Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ​ഗാന്ധിക്കെതിരെ...

രാഹുൽ​ഗാന്ധിക്കെതിരെ അൻവറിന്റെ അപകീർത്തി പ്രസം​ഗം; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺ​ഗ്രസ് പരാതി നൽകി

text_fields
bookmark_border
രാഹുൽ​ഗാന്ധിക്കെതിരെ അൻവറിന്റെ അപകീർത്തി പ്രസം​ഗം; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺ​ഗ്രസ് പരാതി നൽകി
cancel

തിരുവനന്തപുരം: കോൺ​ഗ്രസ് മുൻ അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ​ഗാന്ധിയുടെ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എം.എൽ.എ പി.വി. അൻവർ നടത്തിയ അപകീർത്തികരമായ പ്രസം​ഗത്തിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.വി. അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പി.വി. അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പി.വി. അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.

കത്തിന്റെ പൂർണരൂപം

പാലക്കാട് മണ്ഡലത്തിലെ എടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റിയുടെ പൊതുയോ​ഗത്തിൽ പി.വി. അൻവർ എം.എൽ.എ നടത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചു കൊണ്ടുള്ള അപകീർത്തികരമായ പരാമർശമാണ്. രാഹുൽ​ഗാന്ധി നെ​ഹ്റു കുടുംബത്തിലെയാണോയെന്ന് സംശയമുണ്ടെന്നും രാഹുലിന്റെ ഡി.എൻ.എ പരിശോധിക്കണമെന്നും ഉൾപ്പെടെയുള്ള അധിക്ഷേപങ്ങളാണ് അൻവർ നടത്തിയത്. ഈ പ്രസം​ഗത്തിന്റെ വീഡിയോ ദൃശ്യം വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.

അൻവറിന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് മാത്രമല്ല, ജനപ്രതിനിധികളിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന മാന്യതയുടെയും മര്യാദയുടെയും ലംഘനവുമാണെന്ന് എം.എം. ഹസൻ കത്തിൽ ചൂണ്ടിക്കാട്ടി.

ഒരു വ്യക്തിക്ക് നേരെയുള്ള ​ഗുരുതരമായ ഹത്യയും അധാർമികവും മനുഷ്യത്വരഹിതവുമായ വാക്കുകളും ന​ഗ്നമായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണ്. പ്രസം​ഗത്തിലൂടെ രാഹുൽ​ഗാന്ധിയെ അപകീർത്തിപ്പെടുത്തുക മാത്രമല്ല, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാ​ഗാന്ധി, രാജീവ്​ഗാന്ധി എന്നിവരുടെ സ്മരണകളെ അനാദരിച്ചതിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു. രാഷ്ട്ര സേവനത്തിനായി ജീവിതം സമർപ്പിച്ച രാഹുൽ​ഗാന്ധിയുടെ കുടുംബാംഗങ്ങളുടെ പാരമ്പര്യത്തെ പരോക്ഷമായി അവഹേളിക്കുന്നതുമാണ് അൻവറിന്റെ പ്രസം​ഗം.

ഇത്തരം പരാമർശങ്ങൾ രാജ്യത്തിന് വേണ്ടി ത്യാ​ഗം ചെയ്ത ഇന്ദിരാ​ഗാന്ധിയുടെയും രാജീവ്​ഗാന്ധിയുടെയും യശസ് കളങ്കപ്പെടുത്തുന്നതും അവർ വഹിച്ച ഉന്നത പദവികളുടെ അന്തസ് ഇല്ലാതാക്കുന്നതുമാണ് ഹസൻ ചൂണ്ടിക്കാട്ടി. അവഹേളനപരവും അടിസ്ഥാനരഹിതവുമായ ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണതയെ മോശമായി പ്രതിഫലിപ്പിക്കും. ജനാധിപത്യ സംവിധാനത്തിലുള്ള പൊതുവിശ്വാസം നഷ്ടപ്പെടുത്തും. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച അമ്മൂമ്മയുടെയും അച്ഛന്റെയും വംശപരമ്പരയിൽ ഉൾപ്പെട്ട രാഹുൽ​ഗാന്ധിക്കെതിരെ അൻവർ നടത്തിയ പരാമർശം ധിക്കാരപരവും സാമൂഹിക മാനദണ്ഡങ്ങൾക്കും എതിരുമാണ്.

ഈ പശ്ചാത്തലത്തിൽ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെയും ബാധകമായ മറ്റ് ശിക്ഷാ നിയമങ്ങളിലെയും പ്രസക്തമായ വ്യവസ്ഥകൾക്കനുസൃതമായി പി.വി. അൻവറിനെതിരെ അടിയന്തര നടപടിയെടുക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് അധികാരികളുടെ ഉത്തരവാദിത്വമാണെന്നും കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് പരാതിയിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM HassanLok Sabha elections 2024Rahul Gandhi
News Summary - Anwar's slanderous speech against Rahul Gandhi; The Congress filed a complaint with the Chief Electoral Officer
Next Story