അൻവറിന്റെ യു.ഡി.എഫ് പ്രവേശനം: തീരുമാനം ഉടനില്ല
text_fieldsപി.വി അൻവർ
തിരുവനന്തപുരം: പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശന കാര്യത്തിൽ കൂട്ടായ തീരുമാനമാണ് വേണ്ടതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനം. യു.ഡി.എഫിലെ മറ്റ് കക്ഷികളുടെയും മുന്നണിയുടെയും പൊതുവായ താൽപര്യം മുൻനിർത്തിയാകണം തീരുമാനമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എതിരെ വിമർശനമുയർന്നു. മുഖ്യമന്ത്രി പദവി തർക്കം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് രമേശ് ചെന്നിത്തലക്കെതിരെയും വിമർശനമുയർന്നു. കെ.പി.സി.സി പുനഃസംഘടന ചർച്ച നീളുന്നതിൽ എതിർപ്പുയർത്തിയ നേതാക്കൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
പി.വി. അൻവർ പാർട്ടിയെ യു.ഡി.എഫിൽ ചേർക്കണമെന്ന് കത്ത് നൽകിയതിനെ തുടർന്നാണ് ഇക്കാര്യം രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയായത്. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ കോൺഗ്രസിൽ എതിർപ്പില്ലെന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ ചർച്ച നൽകുന്ന സൂചന. എന്നാൽ, പെട്ടെന്നൊരു തീരുമാനമുണ്ടാകാനിടയില്ല. അൻവറിനോട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് സൗഹൃദ നിലപാടാണുള്ളത്.
എന്നാൽ, തനിക്കെതിരെ അഴിതി ആരോപിച്ച അൻവറിനോട് പ്രതിപക്ഷ നേതാവ് കടുത്ത നിലപാടിലായിരുന്നു. അൻവർ മാപ്പുപറഞ്ഞതോടെ വി.ഡി. സതീശൻ മയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് അൻവറിന്റെ കാര്യത്തിൽ ഭിന്നാഭിപ്രായം പുറത്തുപോകരുതെന്നും യോജിച്ച തീരുമാനമാണ് വേണ്ടതെന്നും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്. ഏറെ മാസങ്ങളുടെ ഇടവേളക്കുശേഷം നടന്ന രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ മുതിർന്ന നേതാക്കൾ മിക്കവരും മുന്നറിയിപ്പിന്റെ സ്വരത്തിലാണ് സംസാരിച്ചത്.
കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഭിന്നത പാർട്ടിയുടെ യോജിച്ചുള്ള പ്രവർത്തനത്തെപ്പോലും ബാധിക്കുന്നു. ഇരുവർക്കുമിടയിലെ ഭിന്നത പ്രവർത്തകരെ വേദനിപ്പിക്കുംവിധം അടിക്കടി പുറത്തുവരുന്നത് ഒഴിവാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. എ.ഐ.സി.സി സംഘടന സെക്രട്ടറി കെ.സി. വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി, തൃശൂർ പരാജയത്തിനു ശേഷം ഏറെനാളായി പാർട്ടി നേതൃയോഗങ്ങളിൽനിന്ന് മാറിനിൽക്കുന്ന കെ. മുരളീധരൻ ഉൾപ്പെടെയുള്ളവരും ഞായറാഴ്ചത്തെ യോഗത്തിനെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.