സോളർ കേസ് സി.ബി.ഐക്ക് വിട്ടത് പരാതിക്കാരിക്ക് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ -പിണറായി
text_fieldsതിരുവനന്തപുരം: ഒരു കേസും സി.ബി.ഐക്ക് വിടില്ലെന്ന സമീപനം സംസ്ഥാന സർക്കാരിനില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അന്വേഷണത്തിൽ പരാതിക്കാരിക്ക് തൃപ്തിയില്ലെന്ന് പറഞ്ഞതിനാലാണ് സോളർ കേസ് സി.ബി.ഐക്ക് വിട്ടത്. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് പരാതിക്കാരി പറയുമ്പോൾ അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ല എന്ന നിലപാട് സർക്കാർ സ്വീകരിക്കേണ്ടതില്ല. അവർക്കു കൂടുതൽ നീതി കിട്ടുന്നതു സി.ബി.ഐ അന്വേഷണത്തിലാണെങ്കിൽ അതു കിട്ടട്ടെ. കേസ് സി.ബി.ഐക്ക് വിട്ടത് സ്വാഭാവികമായ നടപടിയാണ്. അതിൽ രാഷ്ട്രീയ ദുരുദ്ദേശ്യം കാണേണ്ടതില്ല. യു.ഡി.എഫ് നേതാക്കളോടു പ്രതികാര ചിന്തയോടെ ഇരിക്കുന്നവരല്ല സർക്കാർ.
നേരത്തെ പല കേസുകളും സി.ബി.ഐക്ക് വിട്ടിട്ടുണ്ട്. വാളയാർ കേസ് സി.ബി.ഐക്കാണ് വിട്ടത്. കസ്റ്റഡി മരണങ്ങളിൽ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സർക്കാരിനു വേറെ വഴിയില്ലാത്തതിനാലാണു സോളർ കേസിലെ പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ച് കേസ് സി.ബി.ഐക്ക് വിട്ടത്.
പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരി സർക്കാരിനു അപേക്ഷ നൽകി. ഇരയുടെ പരാതിയാണ്, അതു സ്വീകരിച്ചില്ലെങ്കിൽ വിമർശനത്തിന് ഇടയാക്കും. അവരുടെ ആവശ്യം അംഗീകരിക്കുകയാണു സർക്കാർ ചെയ്തത്. സോളാർ കേസുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷന്‍റെ മുന്നിൽ ചില വസ്തുതകൾ വന്നു. പരാതിക്കാരിക്കുണ്ടായ ദുരനുഭവം കമ്മിഷനു മുന്നിൽ അവർ തുറന്നുപറഞ്ഞു. പൊലീസ് അന്വേഷണം ഫലപ്രദമായി തുടരുകയാണ്. അന്വേഷണ ഏജൻസി ഇന്ന വഴിക്കു നടക്കണം എന്നു സംസ്ഥാന സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല.
'ലാവ്‌ലിൻ കേസിൽ തന്നെ കുടുക്കാൻ യു.ഡി.എഫ് ഏകപക്ഷീയ നിലപാടെടുത്തു'
ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ല എന്നു വിജിലൻസ് പറഞ്ഞപ്പോൾ ഡയറക്ടറെ യു.ഡി.എഫ് സർക്കാർ മാറ്റി. പിന്നാലെ കേസ് സി.ബി.ഐക്ക് വിട്ടു. യു.ഡി.എഫ് സർക്കാർ ഏകപക്ഷീയമായി എടുത്ത നടപടിയായിരുന്നു അത്. എത്രമാത്രം തെറ്റായ രീതിയിലാണു കാര്യങ്ങൾ നീക്കിയതെന്നു കാണണം. യു.ഡി.എഫ് സർക്കാർ തന്നെ കുടുക്കാൻ ഏകപക്ഷീയമായി നിലപാടെടുത്തു --മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.