ഏതുഭാഷയും ഇനി മാതൃഭാഷയിൽ കേൾക്കാം
text_fieldsആലപ്പുഴ: കേന്ദ്ര ഐ.ടി മന്ത്രാലയം സംഘടിപ്പിച്ച ഭാഷിണി ഗ്രാൻഡ് ഇന്നവേഷൻ ചലഞ്ചിൽ ഒന്നാമതെത്തി പാതിരാപ്പള്ളി സ്വദേശിയായ ജോയ് സെബാസ്റ്റ്യൻ നയിക്കുന്ന ടെക്ജൻഷ്യ. ഔദ്യോഗിക യോഗങ്ങളിൽ ഒരാൾ മാതൃഭാഷയിൽ സംസാരിച്ചാലും മറ്റുള്ളവർക്ക് അത് തത്സമയം അവരുടെ മാതൃഭാഷയിൽ കേൾക്കാവുന്ന മൾട്ടിലിംഗ്വൽ ആപ്ലിക്കേഷൻ വികസിപ്പിച്ചാണ് മത്സരത്തിൽ ടെക്ജൻഷ്യ വെന്നിക്കൊടി പാറിച്ചത്. ഇനിമുതൽ ഇന്ത്യയിലെ ഭാഷകൾ ഒദ്യോഗിക മീറ്റിങ്ങുകളിൽ ടെക്ജൻഷ്യയിലൂടെ ഒരുമിച്ച് ചേരും. ഇന്ത്യയിലെ അംഗീകൃത ഭാഷകളിൽ തത്സമയ വിവർത്തനം നടത്താൻ കഴിയുന്ന വിഡിയോ കോൺഫറൻസിങ്/വെബിനാർ സംവിധാനമാണ് ടെക്ജൻഷ്യ ചലഞ്ചിൽ അവതരിപ്പിച്ചത്.
വിവിധ ഇന്ത്യൻ ഭാഷകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോയ്സ് ടു വോയ്സ് ട്രാൻസ്ലേഷനും ടെക്സ്റ്റ് ടു ടെക്സ്റ്റ് ട്രാൻസ്ലേഷനും സാധ്യമാകുന്നതിനും ഇന്ത്യയുടെ ഭാഷ വൈവിധ്യത്തിലെ പരിമിതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറികടക്കുന്നതിനും വേണ്ടിയാണ് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം ഭാഷിണി ചലഞ്ച് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ മുൻകൂട്ടി പരിശീലനം നൽകിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ ഭാഷിണി പ്ലാറ്റ്ഫോം വഴി കേന്ദ്രസർക്കാർ ഓപൺ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസുകൾ (എ.പി.ഐ) ആയി ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകൾ നിർമിക്കുക എന്നതായിരുന്നു ഭാഷിണി ഗ്രാൻഡ് ഇന്നവേഷൻ ചലഞ്ച്.
ഭാഷിണി ഗ്രാൻഡ് ഇന്നവേഷൻ ചലഞ്ചിൽ ലൈവ് സ്പീച്ച് ടൂ സ്പീച്ച് ട്രാൻസ്ലേഷൻ, ഡോക്യുമെന്റ് ടെക്സ്റ്റ് ട്രാൻസ്ലേഷൻ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. ഇതിൽ ആദ്യത്തെ വിഭാഗത്തിലാണ് ടെക്ജൻഷ്യ മത്സരിച്ചത്. ഒന്നാം സ്ഥാനമായി 50 ലക്ഷം രൂപയാണ് ലഭിക്കുക. ഈ മേഖലയിലെ സർക്കാർ പ്രോജക്ടുകളുടെ കരാറും ഇതുവഴി ടെക്ജൻഷ്യക്ക് ലഭ്യമാകും.
പഠനകാലത്തെ ജീവിതദുരിതങ്ങൾ താണ്ടിയ അനുഭവത്തിന്റെ ഉൾക്കരുത്തിൽ നിന്നാണ് പാതിരപ്പള്ളി പാട്ടുകളം പള്ളിക്കതയ്യിൽ വീട്ടിൽ സെബാസ്റ്റ്യന്റെയും മേരിയുടെയും മകനായ ജോയി സെബാസ്റ്റ്യൻ ഇന്ത്യൻ നൂതന സാങ്കേതിക വിദ്യയുടെ ലോകത്തിൽ പേരെഴുതിച്ചേർത്തത്. നിരവധി ഭീമൻ കമ്പനികൾ പങ്കെടുത്ത കേന്ദ്രസർക്കാറിന്റെ വിഡിയോ കോൺഫറൻസ് ഇന്നവേഷൻ ചലഞ്ചിൽ ഒന്നാംസ്ഥാനം നേടി നേരത്തേ ടെക്ജൻഷ്യ വാർത്തകളിൽ ഇടംനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.