അദീബിനെ നിയമിച്ചത് യോഗ്യതയും തൊഴിൽമികവും കണക്കിലെടുത്തെന്ന്
text_fieldsകോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിയമനയോഗ്യത തിരുത്തിയത് സർക്കാറാണെന്നും പുതിയ ഡയറക്ടർ ബോർഡ് നിലവിൽ വരുന്നതിനുമുമ്പാണ് ഇതെന്നും കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ്. മന്ത്രി കെ.ടി. ജലീലിെൻറ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോർപറേഷെൻറ മറ്റു തസ്തികകളിൽ നിയമനം നടത്താൻ യോഗ്യത മാറ്റിയിട്ടില്ല. മറ്റേതെങ്കിലും സർക്കാർ കോർപറേഷനിലെ ഉന്നത തസ്തികകളിലേക്കായി യോഗ്യത മാറ്റിയതായി അറിയില്ല. സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജരായ കെ.ടി. അദീപിനെ ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചത് തൊഴിൽ മികവ്, യോഗ്യത, മികച്ച സേവനപരിചയം തുടങ്ങിയവ പരിഗണിച്ചാണ്. അപേക്ഷിച്ച മറ്റാർക്കും നിശ്ചിത യോഗ്യതകളുണ്ടായിരുന്നില്ല.
കെ.എസ്.എസ്.ആർ റൂൾ പ്രകാരം സർക്കാർ സംവിധാനത്തിൽനിന്നും സ്റ്ററ്റ്യൂട്ടറി സംവിധാനത്തിൽനിന്നും ഡെപ്യൂട്ടേഷൻ നിയമനം നടത്താറുണ്ട്. ഷെഡ്യൂൾഡ് ബാങ്ക് ആയ സൗത്ത് ഇന്ത്യൻ ബാങ്ക് സ്റ്റാറ്റ്യൂട്ടറി സംവിധാനമാണെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോയത്.
ജനറൽ മാനേജർ നിയമനത്തിന് വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നാണ് തങ്ങൾക്ക് ലഭിച്ച നിയമോപദേശം. ഇക്കാര്യത്തിൽ സർക്കാറിനാണ് ഉത്തരവാദിത്വം. വിഷയത്തിൽ ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും ചെയർമാൻ പറഞ്ഞു. എം.ഡി.വി.കെ. അക്ബർ, ഡയറക്ടർമാരായ സി.കെ. ഉസ്മാൻ ഹാജി, കെ.ടി. അബ്ദുറഹ്മാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.