കെ.ടി ജലീൽ തെൻറ സമുദായത്തിന് മാത്രം നൽകി; ബി.ജെ.പി വാദം അംഗീകരിച്ച് ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്ത പിണറായിക്ക് അഭിനന്ദനം -അബ്ദുല്ലക്കുട്ടി
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തത് ബി.ജെ.പി-എൻ.ഡി.എയുടെ വിജയമാണ്. കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ ഫണ്ട് ജൈനനും, പാർസിക്കും, ബുദ്ധനും, ക്രിസ്ത്യാനിക്കും മുസ്ലിമിനും തുല്യമായി നൽകേണ്ടതാണ്. പക്ഷേ ഫണ്ടിെൻറ കൂടുതൽ ഭാഗം കെ.ടി. ജലീൽ തെൻറ സമുദായത്തിന് മാത്രം നൽകിയത് വലിയ തെറ്റായിരുന്നെന്ന് അംഗീകരിച്ച പിണറായിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
''ഇത് കേരളത്തിലെ പരാജയപ്പെട്ട ബി.ജെ.പി-എൻ.ഡി.എ മുന്നണിയുടെ വിജയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണിയുടെ ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം. കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ ഫണ്ട് ജൈനനും, പാർസിക്കും, ബുദ്ധനും, ക്രിസ്ത്യാനിക്കും മുസ്ലിമിനും തുല്യമായി നൽകേണ്ടതാണ്. പക്ഷേ ഫണ്ടിെൻറ കൂടുതൽ ഭാഗം കെ.ടി ജലീൽ തെൻറ സമുദായത്തിന് മാത്രം നൽകിയത് വലിയ തെറ്റായിരുന്നു.
ബി.ജെ.പി ഇക്കാര്യം തുറന്നടിച്ച് പറഞ്ഞപ്പോൾ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് കുറ്റം പറഞ്ഞ എൽ.ഡി.എഫും, യു.ഡി.എഫും അൽപ്പം വൈകിയാണെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വാദം അംഗീകരിച്ചതിനാൽ പിണറായിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ഇത് മാത്രമല്ല, ബി.ജെ.പി മുന്നോട്ട് വെച്ച കേരള വികസന രാഷ്ട്രീയം ഒരു തുറന്ന ചർച്ചക്ക് കേരള സമൂഹം തയാറാവണം. കാലം കുറച്ച് കഴിഞ്ഞാണെങ്കിലും, കേരളക്കരയും ബി.ജെ.പിയെ അംഗീകരിക്കും.
കെ.ടി. ജലീൽ പഴയ സിമി പ്രവർത്തകനായിരുന്നു. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന് ചുവരെഴുതി നടന്നയാളാണ്. അദ്ദേഹത്തെ പൂർണമായി വിശ്വസിച്ചതാണ് ഒന്നാം പിണറായി സർക്കാറിെൻറ പരാജയം. അത് കൊണ്ട് തന്നെ വകുപ്പ് ഏറ്റെടുത്ത പിണറായി ജലീലിനെ തള്ളിപ്പറയാൻ തയാറാവണം. ഇതുപോലെ, ശബരിമല വിശ്വാസികളെ അപമാനിച്ചതിൽ പിണറായി സ്വയം വിമർശനം നടത്തണം. കേരളത്തിൽ വളർന്നു വരുന്ന ദേശവിരുദ്ധ തീവ്രാദികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ സി.പി.എം തയാറാവണം'' -അബ്ദുല്ലക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടാം പിണറായി മന്ത്രിസഭയിൽ എൽ.ഡി.എഫ് സ്വതന്ത്രൻ വി. അബ്ദുറഹ്മാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാണെന്ന് ഉറപ്പായിരിക്കവേയാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി വകുപ്പ് ഏറ്റെടുത്തത്. പുതിയ മന്ത്രിസഭ അധികാരമേൽക്കുേമ്പാൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് കേരള കാത്തലിക് യൂത്ത് ലീഗ് മൂവ്മെൻറ് സംസ്ഥാന സമിതിയും കത്തോലിക്ക കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിനും വകുപ്പുമന്ത്രി ജലീലിനും എതിരെ ചില കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഫണ്ട് വിതരണത്തിൽ വിവേചനമുണ്ടെന്ന് അന്ന് ക്രൈസ്തവ സഭകൾ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തത് എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.