കരുവന്നൂരിന് പുറമെ 12 ബാങ്കിലും ക്രമക്കേട് നടന്നതായി ഇ.ഡി
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിന് പുറമെ സംസ്ഥാനത്തെ 12 സഹകരണ ബാങ്കിലും ക്രമക്കേട് നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയെ അറിയിച്ചു. അയ്യന്തോൾ, തുമ്പൂർ, നടക്കൽ, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂർ, മാരായമുറ്റം സർവിസ് സഹകരണ ബാങ്കുകൾ, ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ ബാങ്ക്, കോന്നി റീജ്യനൽ സർവിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഓഡിറ്റിങ്ങിൽ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് സഹകരണ സംഘം രജിസ്ട്രാർക്ക് അറിവുണ്ടായിട്ടും കണ്ണടച്ചു. വർഷങ്ങളോളം ഇത് തുടരുകയായിരുന്നു. ചില രാഷ്ട്രീയനേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇ.ഡി അസി. ഡയറക്ടർ എസ്.ജി. കവിത്കർ വ്യക്തമാക്കി. കരുവന്നൂർ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടിയത് ചോദ്യം ചെയ്ത് പ്രതി അലി സാബ്രി നൽകിയ ഹരജിക്കെതിരായ സത്യവാങ്മൂലത്തിലാണ് വിശദീകരണം. കേസുമായി ബന്ധപ്പെട്ട് നിരവധിപേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികൾക്ക് സമൻസ് അയക്കാൻ നടപടി പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു.
ആവശ്യപ്പെട്ട രേഖകളുമായി വരാമെന്ന് പറഞ്ഞ രജിസ്ട്രാർ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതോടെ അന്വേഷണം തുടരാനായില്ല. ഇതുമൂലം മറ്റ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണവും മരവിച്ചു.
കേരള കോ ഓപറേറ്റിവ് സൊസൈറ്റി ആക്ടിന് വിരുദ്ധമായ നടപടികളാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. അംഗത്വം നൽകിയതിലടക്കം ക്രമക്കേടുണ്ടായി. അംഗത്വ രജിസ്റ്ററോ ബാങ്കിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ട് ബുക്കുകളോ സൂക്ഷിച്ചിട്ടില്ല. പണയത്തിന് ഈടായി നൽകിയ സ്വർണം വ്യാജമാണ്. നിയമവിരുദ്ധമായി സ്വർണക്കട്ടകൾ ഈടായി സ്വീകരിച്ചു.
ചട്ടങ്ങൾ ലംഘിച്ച് ജീവനക്കാർക്ക് സ്വർണപ്പണയ വായ്പ അനുവദിച്ചെന്നും ബാങ്കിന്റെ പരിധിയിൽ അല്ലാത്ത ഭൂമിയും ഈടായി സ്വീകരിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഹരജിക്കാരനായ അലി സാബ്രി സ്വന്തമായും കുടുംബാംഗങ്ങളുടെ പേരിലും കരുവന്നൂർ ബാങ്കിൽനിന്ന് നിയമവിരുദ്ധമായി വായ്പയെടുത്ത 6.6 കോടിയിലേറെ രൂപ ഉപയോഗിച്ച് തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും പരിസര പ്രദേശങ്ങളിലും ഭൂമി വാങ്ങി. ഇത് വാടാനപ്പള്ളി സ്വദേശി ഫ്രാൻസിസ്, ഭാര്യ റോസി എന്നിവർക്ക് കൈമാറി പകരം തൃശൂർ മെഡിക്കൽ കോളജിനുസമീപം ഒരു ഏക്കർ വാങ്ങി.
പിന്നീട് ഇത് വിറ്റ് ഗോവിന്ദപുരത്ത് വാങ്ങിയ സ്ഥലവും വിൽക്കുകയും ആ പണം പ്രൈം ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് എന്ന സ്വന്തം സ്ഥാപനത്തിൽ നിക്ഷേപിക്കുകയും ചെയ്തതായി ഇ.ഡി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.