പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ സമയത്തിന് തീർത്തില്ലെങ്കില്‍ നടപടി -മന്ത്രി
text_fieldsതൃശൂർ: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ കൃത്യമായും സമയബന്ധിതമായും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തെറ്റായ പ്രവണതകളോട് സന്ധി ചെയ്യാതെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളുമായുള്ള ഏകോപനം സാധ്യമാക്കുന്ന സംവിധാനമായ ഡിസ്ട്രിക് ഇന്ഫ്രാസ്ട്രെക്ച്ചര് കോഓഡിനേഷന്‍ കമ്മിറ്റി (ഡി.ഐ.സി.സി) യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കരാറുകാരനെ ഒഴിവാക്കി
ചാലക്കുടി മണ്ഡലത്തിലെ മേലൂര്‍ -പാലപ്പള്ളി -നാലുകെട്ട് റോഡിന്റെ പൈപ്പ്ലൈന് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാല്‍ കരാറുകാരനെ ഒഴിവാക്കിയതായി മന്ത്രി പറഞ്ഞു. പൂര്‍ത്തീകരിച്ച കൊടകര- കൊടുങ്ങല്ലൂര്‍ റോഡിന്റെ നിര്‍മാണ പ്രവൃത്തിയില്‍ അപാകത കണ്ടെത്തിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് സംഘത്തിന് അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്.
372 കിലോമീറ്റര്‍ റോഡുകളിൽ പ്രശ്നങ്ങൾ
ജില്ലയില്‍ ആകെ 1971 കിലോമീറ്റര്‍ റോഡാണ് പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളത്. ഇതില്‍ 372 കിലോമീറ്റര്‍ റോഡുകളിലാണ് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളുള്ളത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാന കാരണമായി മനസ്സിലായത്. പൈപ്പിടല്‍ പ്രവൃത്തി യഥാസമയം നടക്കാത്തതും അതിനായി എടുത്ത കുഴി ശരിയായി അടക്കാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ജലസേചന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിനായി ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വാട്ടര്‍ അതോറിറ്റി പൈപ്പിടാനായി പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ തന്നെ പുനഃസ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വേ പ്രവൃത്തികളിലെ കാലതാമസവും പ്രവൃത്തികള്‍ നടപ്പാക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രി നേരിട്ട് ഇടപെടല്‍ നടത്തി പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കലക്ടര്‍ക്ക് അഭിനന്ദനം
ജില്ലയിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുന്നോട്ടുപോകുന്നതില്‍ ജില്ല കലക്ടര്‍ അഭിനന്ദനാര്‍ഹമായ ഇടപെടലാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് എം.എൽ.എമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് നടപടി സ്വീകരിച്ചു. ഒല്ലൂര്‍ മണ്ഡലത്തിലെ ശ്രീധരിപ്പാലം നിര്‍മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൃത്യമായ വര്‍ക്ക് ഷെഡ്യൂള്‍ സമര്‍പ്പിക്കാന്‍ മന്ത്രി നിർദേശം നല്കി. പീച്ചി -വാഴാനി കോറിഡോര്‍ പ്രവൃത്തിയും വേഗത്തിലാക്കണം. ഒല്ലൂര്‍ സെന്‍ട്രല്‍ വികസനത്തിന്റെ കാര്യത്തില്‍ നാറ്റ്പാക്കുമായി ബന്ധപ്പെട്ട് ഡിസൈന്‍ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
ചാലക്കുടി കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തിനായി ഡിസൈന്‍ ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും. നബാര്‍ഡിന്റെ നേതൃത്വത്തിലുള്ള ഗാന്ധിഗ്രാം ആശുപത്രി കെട്ടിട നിര്‍മാണം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാനായി ആരോഗ്യവകുപ്പിന്റെ നിലപാട് തേടും.
ഡി.പി.ആര് ലഭ്യമാക്കാന്‍ നിർദേശം
ചേലക്കര ബൈപാസിന്റെ ഡി.പി.ആര് ആഗസ്റ്റ് 25നകം ലഭ്യമാക്കാന്‍ നിർദേശം നല്കി. കൊണ്ടയൂര്‍ -ഓങ്ങല്ലൂര്‍ പാലത്തിന്റെ ഡി.പി.ആര് സെപ്റ്റംബര്‍ 15നകം ലഭ്യമാക്കണം. കൊണ്ടാഴി -കുത്താമ്പുള്ളി പാലത്തിന്റെ പുതുക്കിയ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാൻ പി.ഡബ്ല്യു.ഡി സെക്രട്ടറിയെ ചുമതലപ്പെടുത്തി. വാഴക്കോട് -പ്ലാഴി കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തിലെ പരാതികള്‍ പരിശോധിക്കും. കൂടുതല്‍ ഡ്രെയ്നേജ് വേണമെന്ന ആവശ്യവുമുണ്ട്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പ്രപ്പോസല്‍ രണ്ടാഴ്ചക്കകം സമര്‍പ്പിക്കണം.
കയ്പമംഗലം പുലിച്ചുവട് റോഡ് ബി.എം ആൻഡ് ബി.സി രീതിയില്‍ നിര്‍മിക്കാന്‍ ഭരണാനുമതിയായി. കാഞ്ഞാണി റോഡിലെ വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം.
അല്ലാത്തപക്ഷം ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അഴീക്കോട് മുനമ്പം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ഡ്രഡ്ജിങ് എസ്റ്റിമേറ്റ്, സ്ഥലം എന്നിവ ഫിഷറീസ് വകുപ്പ് ലഭ്യമാക്കണം.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തി കാര്യങ്ങള്‍ വേഗത്തിലാക്കണം. പുല്ലൂറ്റ് സമാന്തര പാലത്തിന്റെ അലൈന്മെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട ഫീസിബിലിറ്റി റിപ്പോര്‍ട്ട് സെപ്റ്റബര്‍ 20ന് മുമ്പായി ലഭ്യമാക്കണം. ഗുരുവായൂര്‍ കെ.എസ്.ടി.പി റോഡിന്റെ ഉയരം കുറക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം.
മലയോര ഹൈവേ: പ്രവൃത്തികള്‍ വേഗത്തിലാക്കണം
മലയോര ഹൈവേയുടെ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന് ആവശ്യപ്പെട്ടു. കെ.എസ്.ടി.പി പ്രവൃത്തികളുമായി ബന്ധപ്പെട്ട മേല്‍നോട്ടത്തിന് ജില്ലയില്‍ വേണ്ടത്ര ആളുകളില്ലാത്ത സ്ഥിതിയുണ്ട്. പെരുമുടിശ്ശേരി മുതല്‍ പാലക്കല്‍ വരെയുള്ള റോഡ് പ്രവൃത്തികള്‍ വേഗത്തിലാക്കാൻ കൂടുതല്‍ തൊഴിലാളികളെ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വേണം. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട റോഡുകളുടെ വികസനത്തിന് നടപടി വേണമെന്നും മന്ത്രി അറിയിച്ചു.
യോഗത്തില്‍ റവന്യൂ മന്ത്രി കെ. രാജന്, എം.എല്‍.എമാരായ എ.സി. മൊയ്തീന്, എന്‍.കെ. അക്ബര്‍, മുരളി പെരുനെല്ലി, സേവ്യര്‍ ചിറ്റിലപ്പിള്ളി, പി. ബാലചന്ദ്രന്, സി.സി. മുകുന്ദന്, കെ.കെ. രാമചന്ദ്രന്, സനീഷ് കുമാര്‍ ജോസഫ്, വി.ആര്. സുനില്‍ കുമാര്‍, ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത്കുമാര്‍, ജോയന്റ് സെക്രട്ടറി സാംബവശിവ റാവു, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് എം.ഡി എസ്. സുഹാസ്, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് എം.ഡി എസ്. ഷാനവാസ്, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയര്‍ എസ്. ഹരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.