കെ.ടി.യു വി.സി സ്ഥാനത്തേക്ക് വീണ്ടും സർക്കാറിന്റെ പാനൽ
text_fieldsതിരുവനന്തപുരം: കാലാവധി പൂർത്തിയാകുന്ന ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ് ഉൾപ്പെടെ മൂന്നുപേരുടെ പാനൽ സാങ്കേതിക സർവകലാശാല (കെ.ടി.യു) വി.സി സ്ഥാനത്തേക്ക് ശിപാർശ ചെയ്ത് സർക്കാർ.
നിലവിൽ സാങ്കേതിക സർവകലാശാല വി.സിയുടെ താൽക്കാലിക ചുമതല സജി ഗോപിനാഥാണ് വഹിക്കുന്നത്. ഡിജിറ്റൽ സർവകലാശാല വി.സി പദവിയിൽ അദ്ദേഹത്തിന്റെ കാലാവധി ഈ മാസം 24ന് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് സർക്കാർ ശിപാർശ.
സജിക്ക് പുറമെ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ആർ. ഷാലിജ്, ഗവ. എൻജിനീയറിങ് കോളജ് പ്രഫസർ ഡോ. വിനോദ്കുമാർ ജേക്കബ് എന്നിവരുടെ പേരും പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക സർവകലാശാല വി.സിയുടെ താൽക്കാലിക ഒഴിവുവരുമ്പോൾ സർക്കാർ ശിപാർശ പരിഗണിച്ച് ഗവർണർ നിയമനം നടത്തണമെന്നാണ് വ്യവസ്ഥ. നേരത്തേ ഇതുപരിഗണിക്കാതെ ഡോ. സിസ തോമസിന് വി.സിയുടെ ചുമതല നൽകിയ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചെങ്കിലും വിരമിക്കുന്നതുവരെ സിസ തോമസ് പദവിയിൽ തുടർന്നു. പിന്നീടാണ് ഡോ. സജി ഗോപിനാഥിന് താൽക്കാലിക ചുമതല നൽകിയത്.
എന്നാൽ, വി.സി നിയമനത്തിൽ ചാൻസലർ ബാഹ്യസമ്മർദത്തിന് വഴങ്ങരുതെന്ന് കണ്ണൂർ സർവകലാശാല വി.സിയായിരുന്ന ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ ശിപാർശ ചാൻസലർ പരിഗണിക്കുമോ എന്ന് വ്യക്തമല്ല. മറ്റേതെങ്കിലും സർവകലാശാലയുടെ വി.സിക്കോ പ്രോ-വി.സിക്കോ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കോ വി.സിയുടെ താൽക്കാലിക ചുമതല നൽകാമെന്നാണ് സർവകലാശാല നിയമത്തിലെ വ്യവസ്ഥ. മറ്റൊരു സർവകലാശാലയിലും സ്ഥിരം വി.സിയും സാങ്കേതിക സർവകലാശാലക്ക് പ്രോ-വി.സിയും ഇല്ലാത്ത സാഹചര്യമാണ്.
യു.ജി.സി റെഗുലേഷൻ പ്രകാരം പ്രഫസർ റാങ്കിൽ വരാത്ത ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ പരിഗണിക്കാനും പറ്റില്ല. ഈ സാഹചര്യത്തിൽ ഗവർണറുടെ നിലപാട് നിർണായകമാകും. നേരത്തേ നിയമനത്തിൽ യു.ജി.സി റെഗുലേഷൻ വ്യവസ്ഥ പാലിച്ചില്ലെന്ന് കണ്ട് ഗവർണർ പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഒമ്പത് വി.സിമാരിൽ ഡോ. സജി ഗോപിനാഥും ഉൾപ്പെട്ടിരുന്നു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന് ഡിജിറ്റൽ സർവകലാശാല വി.സി പദവിയിൽ തുടരാനായത്.
അതേസമയം, സാങ്കേതിക സർവകലാശാല വി.സി പദവിയിലേക്കുള്ള സർക്കാർ നോമിനേഷൻ അടങ്ങിയ കത്തിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി ഒപ്പുവെക്കാൻ വിസമ്മതിച്ചതായാണ് വിവരം. സെക്രട്ടറിക്കുവേണ്ടി അഡീഷനൽ സെക്രട്ടറി സി. അജയനാണ് രാജ്ഭവനുള്ള കത്തിൽ ഒപ്പുവെച്ചത്.
സർക്കാറിന്റെ വിവാദ നിർദേശങ്ങളിലൊന്നിലും പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പുവെക്കാറില്ല. പകരം അഡീഷനൽ സെക്രട്ടറിയാണ് കത്ത് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.