സാങ്കേതിക സര്‍വകലാശാല പി.വി.സിയുടെ വസതിക്ക് മുന്നില്‍ ഉപരോധം
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഒരുസംഘം വിദ്യാര്‍ഥികള്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുറഹ്മാന്‍െറ വസതി ഉപരോധിച്ചു. കവടിയാറില്‍ പ്രോ-വൈസ് ചാന്‍സലര്‍ താമസിക്കുന്ന ഹീര വെല്‍മോണ്ട് പാലസ് ഫ്ളാറ്റിന് മുന്നിലായിരുന്നു പ്രതിഷേധം.
ഉപരോധത്തെ തുടര്‍ന്ന് ഫ്ളാറ്റിലെ താമസക്കാര്‍ അരമണിക്കൂറിലധികം കുരുക്കിലായി. റോഡിലും ഗതാഗത തടസ്സമുണ്ടായി. ഡിസംബര്‍ രണ്ടിന് തുടങ്ങാനിരുന്ന ബി.ടെക് പരീക്ഷ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാറ്റിവെച്ചതായിരുന്നു. പരീക്ഷ മാറ്റിവെച്ചതിനെതിരെ പരാതി ഉയര്‍ന്നതോടെ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിസംബര്‍ 13ന് തുടങ്ങാന്‍ സര്‍വകലാശാല തീരുമാനിക്കുകയും ടൈംടേബിള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഈ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം രംഗത്തു വന്നത്. ഒന്നാം സെമസ്റ്റര്‍ സപ്ളിമെന്‍ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ദിവസം രണ്ട് പരീക്ഷ വരുന്ന രൂപത്തില്‍ ടൈംടേബിള്‍ ക്രമീകരിച്ചത് നേരത്തേ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പരീക്ഷകള്‍ക്കിടയില്‍ ഒരു ദിവസത്തെ ഇടവേള നല്‍കി പ്രശ്നം പരിഹരിച്ചു. മൂന്നു തവണ ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിട്ടും വിജയിക്കാത്ത മൂന്നാം സെമസ്റ്ററിലെ വിദ്യാര്‍ഥികളാണ് പരീക്ഷ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും രംഗത്തു വന്നത്. ഇവരാണ് പ്രോ-വൈസ് ചാന്‍സലറുടെ വസതിക്കു മുന്നില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ പ്രതിഷേധവുമായി എത്തിയത്. പൊലീസ് സാന്നിധ്യത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ പി.വി.സിയുമായി സംസാരിച്ചെങ്കിലും പരീക്ഷ മാറ്റാനാകില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപരോധം തുടര്‍ന്നതോടെ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചതോടെ ഇതിനെതിരെ സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ഥികള്‍ രംഗത്തു വന്നിരുന്നു. മാധ്യമ ഓഫിസുകളിലേക്ക് നിരന്തരം ഫോണ്‍ ചെയ്തും പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ നിരന്തരം മൊബൈല്‍ ഫോണില്‍ വിളിച്ചും അവരുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കൂട്ടത്തോടെ കമന്‍റിട്ടുമായിരുന്നു വിദ്യാര്‍ഥികളുടെ ‘സൈബര്‍ ആക്രമണം’.
മാധ്യമ ഓഫിസുകളിലേക്ക് വിളിച്ച് പരീക്ഷ മാറ്റുന്നതിന് വാര്‍ത്ത നല്‍കാന്‍ നിരന്തരം ആവശ്യപ്പെടണമെന്ന വിദ്യാര്‍ഥികളുടെ വാട്സ്ആപ് ഗ്രൂപ്പിലെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. പരീക്ഷമാറ്റം ആവശ്യമുയര്‍ത്തി രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലും വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. എന്നാല്‍, സപ്ളിമെന്‍ററി പരീക്ഷയില്ലാത്ത വിദ്യാര്‍ഥികള്‍ പരീക്ഷ മാറ്റിവെക്കരുതെന്ന ആവശ്യക്കാരാണ്. നേരത്തേ ഡിസംബര്‍ രണ്ടിലെ പരീക്ഷ സര്‍ക്കാര്‍ ഇടപെട്ട് മാറ്റിവെച്ചതിനെതിരെ ഭൂരിപക്ഷം വിദ്യാര്‍ഥികളും രംഗത്തു വന്നതോടെയാണ് 13ന് പരീക്ഷ തുടങ്ങാന്‍ തീരുമാനിച്ചത്. സാങ്കേതിക സര്‍വകലാശാലയില്‍ ബി. ടെക് പരീക്ഷയുടെ ഇയര്‍ ഒൗട്ട് സമ്പ്രദായം നിര്‍ത്തലാക്കണമെന്ന ഒരുസംഘം വിദ്യാര്‍ഥികളുടെ ആവശ്യം കഴിഞ്ഞ ദിവസം ഹൈകോടതി തള്ളിയിരുന്നു. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നിബന്ധനകളില്‍ വെള്ളം ചേര്‍ക്കരുതെന്നും കോടതി സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.