ഭക്തരെ കബളിപ്പിച്ച് അപ്പം, അരവണ വിൽപനയുമായി ദേവസ്വം ബോർഡും
text_fieldsശബരിമല: അയ്യപ്പെൻറ പേരിൽ ഭക്തരെ കബളിപ്പിച്ച് അപ്പം, അരവണ വിൽപനയുമായി ദേവസ്വം ബോർഡും. ശബരിമല ബേസ് ക്യാമ്പായ നിലക്കലിൽ രണ്ടു പ്രത്യേക കൗണ്ടർ വഴിയാണ് ശബരിമല അരവണ എന്ന രീതിയിൽ തയാറാക്കിയ ബോട്ടിലിൽ നിലക്കൽ മഹാദേവ ക്ഷേത്രത്തിെൻറ അരവണ വിൽക്കുന്നത്. പന്തളം കൊട്ടാരത്തിെൻറ പേരിൽ വ്യാജ അപ്പവും അരവണയും വിൽക്കുന്നത് വിവാദമായതിന് പിന്നാലെയാണ് ദേവസ്വം ബോർഡും ഭക്തരെ കബളിപ്പിക്കുന്നതായി ആക്ഷേപമുയരുന്നത്.
ശബരിമല അരവണയുടെ അതേ നിറത്തിലുള്ള ലേബലും ബോട്ടിലിലുമാണ് നിലക്കലെ വിൽപന. അയ്യപ്പെൻറ ചിത്രമാണ് ഇതിലുമുള്ളത്. ഒപ്പം നിലക്കലിലെ കവാടത്തിെൻറ ചിത്രവും തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നും ഉണ്ട്. നിലക്കൽ ബസ് സ്റ്റാൻഡിലും പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപവുമാണ് വിൽപന കൗണ്ടറുകൾ. ദേവസ്വം ബോർഡിെൻറ അപ്പവും അരവണയും വിൽപന കൗണ്ടറുകൾ രണ്ടിടത്തുമുണ്ടെന്ന വിവരം കൂടെക്കൂടെ വിവിധ ഭാഷകളിൽ മൈക്ക് അറിയിപ്പുമുണ്ട്. ശബരിമലയിൽ അരവണക്ക് 80 ഉം അപ്പത്തിന് 35 ഉം രൂപയാണ്.
നിലക്കലിൽ അരവണക്ക് 65 ഉം അപ്പത്തിന് 50 ഉം രൂപയാണ്. രണ്ടും ഒാരോ കവർ വാങ്ങിയാൽ ദേവസ്വം ബോർഡിന് 115 രൂപ ലഭിക്കും. അപ്പം പാക്ക് ചെയ്തു നൽകുന്നത് ശബരിമലയിലെ അതേ കവറിലാണ്. രണ്ടിടെത്തയും അപ്പവും അരവണയും രുചിയിലും തരത്തിലും സമാനമാണ്. ലേബലിലെ എഴുത്ത് വായിച്ചുനോക്കിയാലേ മഹാദേവ ക്ഷേത്രത്തിലേതാണെന്ന് മനസ്സിലാകൂ. ശിവക്ഷേത്രത്തിലെ അരവണയിൽ അയ്യപ്പെൻറ ലേബൽ ഒട്ടിച്ച് വിൽക്കുന്നത് കബളിപ്പിക്കലാണെന്നാണ് വിമർശനം.
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിനു സമീപം പന്തളം കൊട്ടാരത്തിെൻറ ലേബൽ പതിച്ച് അപ്പം, അരവണ വിൽപന നടത്തുന്നത് വിവാദമായിരുന്നു. കൊട്ടാരത്തിെല ഒരു കുടുംബാംഗം വർഷങ്ങളായി അപ്പവും അരവണയും വിറ്റുവരുകയായിരുന്നു. ഇത്തവണ കൊട്ടാരം വകയെന്ന ലേബൽ പതിച്ച് വിൽപന നടത്തിയതോടെയാണ് വിവാദമായത്. ഇതോടെ കൊട്ടാരം വകയെന്ന ലേബൽ നീക്കിയാണ് ഇപ്പോൾ വിൽപന. ഇതുമായി ബന്ധമില്ലെന്ന അറിയിപ്പുമായി കൊട്ടാരം അധികൃതരും ദേവസ്വം ബോർഡും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.