കലോൽസവത്തിന് മുമ്പേ അപ്പീൽ വിവാദം; കോടതിക്ക് ഇടപെടാമെന്ന് ഉത്തരവ്
text_fieldsകോഴിക്കോട് : പുത്തരയിൽ കല്ലുകടിച്ച് ജില്ല സ്കൂൾ കലോത്സവം. ഉപജില്ല കലോൽസവങ്ങൾ കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും അപ്പീൽ കേട്ടില്ലെന്ന ആരോപണത്തിനു പിന്നാലെയാണ് കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഓഫിസിൽ നടന്ന അപ്പീലും വിവാദത്തിലായത്. അപ്പീലിലിരുന്ന എക്സ്പേർട്ടും തെൻറ വിധിനിർണയത്തിൽ അട്ടിമറി നടന്നതായി സമുഹ മാധ്യങ്ങളിൽ പങ്കു വെച്ചത് വിദ്യാഭ്യാസ അധികൃതരെ വെട്ടിലാക്കി.
ഉപജില്ലാ മത്സരത്തിൽ നൃത്ത വിഭാഗത്തിൽ രണ്ടാംസ്ഥാനം കിട്ടിയ വിദ്യാർഥിയെ മാറ്റി നിർത്തി നാലാംസ്ഥാനം നേടിയ വിദ്യാർഥിക്ക് അപ്പീൽ നൽകിയതായും ആരോപണം ഉയർന്നു. നോ ഗ്രേഡ് ആയ മത്സരാർഥിക്ക് രണ്ടിനത്തിൽ അപ്പീൽ നൽകിയത് കലോൽസവ മാന്വൽ ലംഘനമായി ചൂണ്ടിക്കാണിച്ച് രക്ഷിതാക്കളും മൽസരാർഥികളും രംഗത്തെത്തി. താൻ അപ്പീൽ അനുവദിച്ചവർക്കുപുറമേ മറ്റുചിലരുടെ പേരുകൾ കൂടി പിന്നീട് തിരുകിക്കയറ്റിയെന്ന് അപ്പീൽക്കമ്മിറ്റിയിൽ അംഗമായ പ്രമുഖ നർത്തകിയുടെ പോസ്റ്റ് അട്ടിമറി സാധൂകരിക്കുന്നു.
ഏഴ് ഉപജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് വിദ്യാഭ്യാസ ജില്ലയുടെ അപ്പീലുളുടെ ഫലം ശനിയാഴ്ചയാണ് പുറത്തുവിട്ടത്. ബോധപൂർവം വൈകി അപ്പീൽ കേട്ടത് മത്സരാർഥികൾ കോടതിയെ സമീപിക്കാതിരിക്കാനാണെന്ന് രക്ഷിതാക്കൾ പറയുന്നു. ചൊവാഴ്ച ആരംഭിക്കുന്ന നൃത്തയിന മത്സരങ്ങൾക്ക് കോടതിയെ സമീപിക്കാൻ ഇതോടെ സമയമില്ലാതായി.
ഇതിനിടെ, നോ ഗ്രേഡ് വിദ്യാർഥിക്ക് അപ്പീൽ നൽകിയത് സ്വാധീനം മൂലമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അർഹയായ ഒരു കുട്ടിക്കുപ്പോലും താൻ കാരണം അവസരം നഷ്ടപ്പെടരുതെന്ന ചിന്തകാരണം ഏറെ ശ്രദ്ധിച്ചാണ് താൻ അപ്പീൽ പട്ടിക തയാറാക്കിയതെന്നും എന്നാൽ ശനിയാഴ്ച വൈകിട്ട് പട്ടിക പുറത്തുവന്നപ്പോൾ താൻ ചേർത്ത പേരുകൾക്കു പുറമെ മറ്റു ചില കുട്ടികളുടെ പേരുകൾകൂടി തിരുകിക്കയറ്റിയതായും എക്സ് പേർട്ടിന്റെ പോസ്റ്റിൽ പറയുന്നു.
വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട നടപടികൾ കലോൽസവത്തിനും സർക്കാർ സംവിധാനത്തിനും ചീത്തപ്പേര് വരുത്തുകയാണ്. മത്സരാർഥികളോടുള്ള അനീതികരമായ നടപടികളിൽ കോടതിക്ക് ഇടപെടാമെന്ന ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ശനിയാഴ്ചത്തെ ഉത്തരവ് വിദ്യാർഥികൾക്ക് ഏറെ ആശ്വാസകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.