അപ്പീൽ, റിവിഷൻ പരാതികൾ 30 ദിവസത്തിനകം തീർപ്പാക്കണം -ഹൈകോടതി
text_fieldsകൊച്ചി: അപ്പീൽ, റിവിഷൻ പരാതികൾ കേൾക്കാൻ ചുമതലപ്പെട്ടവർ കക്ഷികളെ കേട്ട് 30 ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈകോടതി. 30 ദിവസത്തിനകം ഉത്തരവ് സാധ്യമല്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കണം. കാരണം വ്യക്തമാക്കാത്തപക്ഷം ഉത്തരവ് റദ്ദാക്കപ്പെടുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
കാലതാമസം ബന്ധപ്പെട്ട കക്ഷികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന് അധികാരികൾ പരിശോധിക്കണം. മൂന്ന് മാസത്തിനകവും ഉത്തരവ് പുറപ്പെടുവിക്കാനായില്ലെങ്കിൽ വീണ്ടും കക്ഷികളെ കേട്ടശേഷമേ ഉത്തരവ് പുറപ്പെടുവിക്കാവൂ. അല്ലെങ്കിൽ ഉത്തരവ് റദ്ദാക്കപ്പെടും. ആറുമാസം കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഉത്തരവ് നിലനിൽക്കില്ല. തീരുമാനം വൈകുമ്പോൾ നീതി പരാജയപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
സ്വന്തം ഭൂമിയിൽനിന്ന് മണ്ണ് നീക്കിയെന്ന് ആരോപിച്ച് 2.45 ലക്ഷം രൂപ പിഴ അടക്കണമെന്ന ജിയോളജിസ്റ്റിന്‍റെ ഉത്തരവിനെതിരെ അപ്പീൽ നൽകിയിട്ടും തീരുമാനമുണ്ടാകാത്തതിനെതിരെ കോട്ടയം സ്വദേശി മാത്യു ഫിലിപ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വൈക്കം താലൂക്കിലുൾപ്പെടുന്ന അയൽവാസിയുടെ ഭൂമിയിലെ മണ്ണാണ് നീക്കിയതെന്നും 2005ൽ താൻ ഭൂമി വാങ്ങിയ ശേഷം തന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് മണ്ണ് നീക്കിയിട്ടില്ലെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അടക്കം അപ്പീൽ നൽകിയിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹരജി നൽകിയത്. ഇതുസംബന്ധിച്ച് ഒരു മാസത്തിനകം ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്നും പൊതുജനങ്ങളെ ബോധവത്കരിക്കണമെന്നും നിർദേശിച്ച കോടതി ഹരജിക്കാരൻ പിഴ അടക്കണമെന്ന ഉത്തരവ് റദ്ദാക്കി. വിഷയം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.