ഇ.ഡിക്ക് മുന്നിൽ ഇന്ന് ഹാജരാകൽ: തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് പ്രകാരം ചൊവ്വാഴ്ച ഹാജരാകണമോ വേണ്ടയോ എന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈകോടതി. സമൻസ് ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അഭിപ്രായപ്രകടനം. അതേസമയം, അന്വേഷണവുമായി തോമസ് ഐസക് സഹകരിക്കുന്നില്ലെന്ന് ഇ.ഡി പറഞ്ഞു. ഇടപാടിൽ വിദേശനാണ്യ വിനിമയനിയമം (ഫെമ) ലംഘിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ തെളിവ് ശേഖരിക്കാനും മൊഴിയെടുക്കാനുമാണ് സമൻസ് നൽകിയത്. അതിനെ ചോദ്യംചെയ്യാനാകില്ല. പ്രാഥമികഘട്ടത്തിലുള്ള അന്വേഷണം തടസ്സപ്പെടുത്താനാണ് തോമസ് ഐസക് ശ്രമിക്കുന്നതെന്നും ഇ.ഡി കൊച്ചി അസി. ഡയറക്ടർ സുരേന്ദ്ര ജി. കവിത്കർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. സമൻസ് ചോദ്യംചെയ്ത് തോമസ് ഐസക് ഫയൽ ചെയ്ത ഹരജിയിലാണ് വിശദീകരണം.
അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാതെ തെറ്റായ ആരോപണമാണ് ഹരജിക്കാരൻ ഉന്നയിക്കുന്നത്. മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ ഇ.ഡിക്ക് അന്വേഷിക്കാനാകില്ലെന്ന വാദം തെറ്റാണ്. മസാല ബോണ്ട് വഴി സമാഹരിച്ച ഫണ്ട് അനുവദിക്കുന്നതിൽ കിഫ്ബി ജനറൽ കമ്മിറ്റി വൈസ് ചെയർമാൻ, എക്സി. കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ തോമസ് ഐസക്കിന് നിർണായക പങ്കുണ്ടെന്നും ഇ.ഡി വാദിച്ചു. അതേസമയം, തീരുമാനങ്ങൾ വ്യക്തിപരമായിരുന്നില്ലെന്നും കൂട്ടായ തീരുമാനമായിരുന്നതിനാൽ കമ്പനിയുടെ രേഖകളാണ് പരിശോധിക്കേണ്ടതെന്നും തോമസ് ഐസക് വ്യക്തമാക്കി.
തുടർച്ചയായി സമൻസ് നൽകി ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ച് മുമ്പ് നൽകിയ ഹരജിയിൽ സമൻസ് നൽകുന്നത് ഹൈകോടതി നേരത്തേ തടഞ്ഞിരുന്നു. ആദ്യം നൽകിയതിൽ ആവശ്യപ്പെട്ട കാര്യങ്ങളാണ് പിന്നീടുള്ള സമൻസിലുമുള്ളത്. ഹൈകോടതി ഉത്തരവിന് എതിരാണ് സമൻസെന്നും തോമസ് ഐസക്കിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ഇ.ഡി ഫയൽ ചെയ്ത എതിർസത്യവാങ്മൂലം ബെഞ്ചിൽ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.