‘ഒരു കൈ നൽകുന്നത് മറുകൈ അറിയരുത്’; ആസിഫ് അലിയുടെ നിലപാടിന് വീണ്ടും കൈയടി
text_fieldsവയനാട് ഉരുൾ പൊട്ടലിലെ ദുരിത ബാധിതരെ സഹായിക്കാൻ സിനിമ മേഖലയിൽ നിന്ന് ഒരുപാട് പേരാണ് മുന്നോട്ട് വന്നത്. അക്കൂട്ടത്തിൽ നടൻ ആസിഫ് അലിയുമുണ്ടായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ കാര്യം നടൻ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ എത്ര തുക നൽകിയെന്ന കാര്യം ആസിഫ് പരസ്യമാക്കിയില്ല. നൽകിയ തുകയുടെ ഭാഗം മറച്ചുവെച്ചാണ് ചിത്രം പോസ്റ്റ് ചെയ്തത്.
അതോടൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം ചെയ്യണമെന്ന് ആസിഫ് എല്ലാവരോടും അഭ്യർഥിക്കുകയും ചെയ്തു.
വയനാട് ദുരന്തത്തിന്‍റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. വയനാടിന്‍റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ കഴിയുന്നവിധം ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്നാണ് നടൻ പറഞ്ഞത്. നിരവധി പേരാണ് ആസിഫിന്റെ നല്ല മനസിനെ അഭിനന്ദിച്ചത്.
മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകി. കമൽഹാസൻ, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്നും 25 ലക്ഷം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.