ഹൈടെൻഷൻ വൈദ്യുതി കണക്ഷൻ അപേക്ഷകൾ കുമിഞ്ഞു; വടിയെടുത്ത് റഗുലേറ്ററി കമീഷൻ
text_fieldsപാലക്കാട്: മലപ്പുറം ജില്ലയിലെ കെ.എസ്.ഇ.ബി തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിന് കീഴിൽ പുതിയ ഹൈടെൻഷൻ കണക്ഷനുകൾ നൽകാത്ത വിഷയത്തിൽ സ്വമേധയാ ഇടപെട്ട് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ. വൻ വീഴ്ചയാണ് വരുത്തിയതെന്നും 2003ലെ വൈദ്യുതി നിയമപ്രകാരം പിഴ ശിക്ഷ ഒഴിവാക്കാൻ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് റഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിക്ക് കത്ത് നൽകി. തുടർന്ന് കെ.എസ്.ഇ.ബി വിതരണ പ്രസരണ വിഭാഗം ഡയറക്ടർമാരുടെ മറുപടിയിൽ തൃപ്തരാകാതെ ഏപ്രിൽ 16ന് ഈ വിഷയത്തിൽ പൊതു തെളിവെടുപ്പിന് റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചു. കെ.എസ്.ഇ.ബിയുടെ കൃത്യനിർവഹണ വീഴ്ചയിൽ റഗുലേറ്ററി കമീഷൻ വിഷയം സ്വമേധയാ പരിഗണനയിലെടുത്ത് പൊതുതെളിവെടുപ്പ് നടത്തുന്നത് അപൂർവമാണ്.
മലപ്പുറം ജില്ലയിലെ പല സെക്ഷനുകളിലും ആവശ്യത്തിന് പ്രസരണ വിതരണ ലൈനുകളും സബ്സ്റ്റേഷനുകളും ഇല്ലാത്തത് കാരണം പുതിയ ഹൈടെൻഷൻ കണക്ഷനുകൾ നൽകാൻ സാധിക്കുന്നില്ല എന്ന വിഷയം 2018 മുതൽ പല ഘട്ടങ്ങളിലായി സംസ്ഥാന റെഗുലേറ്ററി കമീഷന് മുമ്പിൽ വന്നിരുന്നു .തിരൂർ സർക്കിളിന് കീഴിലെ പുളിക്കൽ കാരാട് ഇലക്ട്രിക്കൽ സെക്ഷനുകളിലാണ് കൂടുതൽ പ്രതിസന്ധി. കണക്ഷൻ നൽകാനാവാതെ കിടക്കുന്ന വിഷയം വിവിധ ഘട്ടങ്ങളിൽ റഗുലേറ്ററി കമീഷന്റെ പരിഗണനയിൽ വന്നെങ്കിലും കൃത്യമായ നടപടിയോ വിശദീകരണമോ കെ.എസ്.ഇ.ബി നൽകിയില്ല. തുടർന്ന് മാസം മുമ്പ് തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിൽ റെഗുലേറ്ററി കമീഷൻ നടത്തിയ പരിശോധനയിൽ 2018 മുതലുള്ള ഹൈടെൻഷൻ കണക്ഷനുകൾ ലൈനുകളുടെ അപര്യാപ്തത കാരണം പറഞ്ഞ് നൽകിയിട്ടില്ലെന്നാണ് കണ്ടെത്തിയത്.
22 അപേക്ഷകളിലായി 8530 കെ.വി.എ വൈദ്യുതി ആവശ്യകതക്കുള്ള വൈദ്യുതിയാണ് കൊടുക്കാനാകാതെ വന്നത്. ഉപഭോ്താവിന്റെ വൈദ്യൂതിക്കുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും 2003ലെ വൈദ്യുതി നിയമത്തിന്റെ പല വകുപ്പുകളുടെയും ലംഘനമാണെന്നത് റഗുലേറ്റി കമീഷൻ ഇതുസംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനായുള്ള നിർദേശം മുതൽമുടക്ക് പദ്ധതി നിർദേശ ങ്ങളിലും ( കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ഉൾപ്പെടുത്തിയിട്ടില്ലെന്നത് ഗുരുതര വീഴ്ചയാണ്.
ഓരോ പ്രദേശത്തിന്റെയും ആവശ്യകതക്കനുസരിച്ച് വൈദ്യുതി വിതരണ പ്രസരണം ശൃംഖലകൾ നിർമ്മിച്ചു പരിപാലിക്കേണ്ടത് വൈദ്യുതി നിയമം 2003 പ്രകാരം കെഎസ്ഇബിയുടെ ചുമതലയാണ്.നിലവിൽ സോളാർ അടക്കം വൈദ്യുതി ആവശ്യത്തിന് ലഭ്യമാകുന്നതുകൊണ്ട് പകൽസമയം വൈദ്യുതി ആവശ്യത്തിന് ഉണ്ട്. നൽകാൻ പറ്റാത്ത ഭൂരിഭാഗം ഹൈ ടെൻഷൻ കണക്ഷനുകളും പകൽ സമയങ്ങളിൽ ഉപയോഗം വരുന്ന വ്യവസായങ്ങളുടേത് ആവാൻ സാധ്യതയുള്ളതിനാൽ കണക്ഷനുകൾ നൽകാതെ ഇരിക്കുന്നത് കാരണം കോടികളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്നതെന്നാണ് റഗുലേറ്ററി കമീഷൻ ചൂണ്ടിക്കാണിക്കുന്നത്.
ഒരു പ്രദേശത്തെ വൈദ്യുതി വിതരണ പ്രസരണ സംവിധാനം പരിപാലിക്കാൻ കെഎസ്ഇബിക്ക് സാധിക്കുന്നില്ലെങ്കിൽ കെ.എസ്.ഇ.ബിയുടെ വിതരണ ലൈസൻസ് അടക്കം റദ്ദ് ചെയ്ത് പുതിയ കമ്പനിക്ക് നൽകാൻ പോലും റെഗുലേറ്ററി കമീഷന് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.