വെള്ളമുണ്ട എ.യു.പിയിലെ നിയമന വിവാദം: വകുപ്പുതല അന്വേഷണം പൂർത്തിയായി; ദുരൂഹത ബാക്കിയാക്കി ബംഗളൂരു ടി.സി
text_fieldsവെള്ളമുണ്ട: എ.യു.പിയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ചോദ്യങ്ങൾ ബാക്കിയാവുന്നു. തരുവണ ജി.യു.പിയിൽ നിന്നും ബംഗളൂരുവിലെ വിദ്യാലയത്തിലേക്ക് ടി.സി നൽകിയ കുട്ടിയുടെ പേര് വെള്ളമുണ്ട എ.യു.പിയിലും എത്തിയത് എങ്ങനെ എന്ന ആരോപണമാണ് ഉത്തരമില്ലാതെ കിടക്കുന്നത്. ഒരു കുട്ടിക്ക് രണ്ടു ടി.സി അനുവദിച്ചതായ സൂചന ലഭിച്ചതോടെ എവിടെയാണ് തെറ്റ് സംഭവിച്ചത് എന്ന അന്വേഷണമാണ് നടക്കുന്നത്.
ബംഗളൂരുവിൽ പഠിക്കുന്ന കുട്ടിയുടെ അഡ്മിഷൻ രക്ഷിതാവറിയാതെ വെള്ളമുണ്ട എ.യു.പിയിലെത്തിയതിൽ ദുരൂഹതയുയർന്നിരുന്നു. തരുവണ ഗവ. യു.പി സ്കൂളിൽ കഴിഞ്ഞ വർഷം അഞ്ചാംതരത്തിൽ പഠിച്ചിരുന്ന കുട്ടിയുടെ ടി.സിയാണ് രക്ഷിതാവ് അറിയാതെ വെള്ളമുണ്ട എ.യു.പിയിലെത്തിയത്.
കഴിഞ്ഞ മേയ് മാസം മുതൽ ബംഗളൂരുവിലെ ശബരി സ്കൂളിൽ പഠിക്കുകയാണ് ഈ കുട്ടി. ഈ കുട്ടിയുടെ ടി.സി ശബരി സ്കൂളിലേക്ക് അനുവദിച്ചതായി തരുവണയിലെ പ്രധാനധ്യാപകനും പറഞ്ഞിരുന്നു. അസ്സൽ ടി.സി രക്ഷിതാവിന്‍റെ കൈവശവുമുണ്ട്. ഈ ടി.സി കൊണ്ട് ബംഗളൂരുവിലെ വിദ്യാലയത്തിൽ മാത്രമാണ് ചേർക്കാൻ കഴിയുക. എന്നാൽ, വെള്ളമുണ്ട എ.യു.പിയിലും ഈ കുട്ടിയുടെ ടി.സി വന്നതിന് ഉത്തരവാദിയാരെന്ന ദുരൂഹത തുടരുകയാണ്.
ടി.സി നൽകിയത് രക്ഷിതാവിന്‍റെ അപേക്ഷ പ്രകാരമല്ലെന്ന് കുട്ടിയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. അധ്യയനം തുടങ്ങിയ സമയത്ത് എ.യു.പിയിൽ നിന്നും അധ്യാപകർ മകന് ഇവിടെ അഡ്മിഷൻ വന്നിട്ടുണ്ടെന്ന് പറയുകയും ബംഗളൂരുവിൽ പഠിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ജൂൺ പതിനാലിന് ഈ കുട്ടിയെ വെള്ളമുണ്ട എ.യു.പിയിൽ നിന്നും തരുവണ ഗവ. യു.പിയിലേക്ക് ടി.സി നൽകി മാറ്റിയതായും സൂചനയുണ്ട്. എന്നാൽ, ബംഗളൂരുവിൽ പഠിക്കുന്ന കുട്ടിയുടെ ടി.സി. തെറ്റായി വന്നതാണെന്ന് വെള്ളമുണ്ട എ.യു.പി സ്കൂളധികൃതരും പറയുന്നു. ഇങ്ങനൊരു ടി.സി നൽകിയിട്ടില്ലെന്ന് തരുവണ സ്കൂൾ അധികൃതരും പറയുന്നു.
ക്രമക്കേടിന്‍റെ ഉറവിടം എവിടെയാണെന്ന ചോദ്യമാണ് ഇരു വിദ്യാലയങ്ങളിലെ രക്ഷിതാക്കളും ചോദിക്കുന്നത്. വകുപ്പുതല അന്വേഷണം പൂർത്തിയായപ്പോൾ കണ്ടെത്തിയ ക്രമക്കേടുകളിലെ ദുരൂഹത നീക്കാൻ ഈ സോഫ്റ്റു വെയർ കൈകാര്യം ചെയ്യുന്ന കൈറ്റിന്‍റെ സഹായം തേടാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.