സി.പി.എം സംഘടനനേതാവിന്റേതുൾപ്പെടെ 12 പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി
text_fieldsതിരുവനന്തപുരം: യു.ജി.സി റെഗുലേഷൻ അട്ടിമറിച്ച് സർക്കാർ കോളജ് പ്രിൻസിപ്പൽ തസ്തികയിൽ സി.പി.എം അനുകൂല അധ്യാപക സംഘടന നേതാവ് ഉൾപ്പെടെ 12 പേർക്ക് നിയമനം നൽകിയത് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ റദ്ദാക്കി. പകരം യു.ജി.സി റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് നിയമനം നടത്താനും ട്രൈബ്യൂണൽ ഉത്തരവായി. സി.പി.എം അനുകൂല എ.കെ.ജി.സി.ടി മുൻ സംസ്ഥാന ജന.സെക്രട്ടറിയും മലപ്പുറം ഗവ. കോളജ് പ്രിൻസിപ്പലുമായ ഡോ.കെ.കെ. ദാമോദരൻ ഉൾപ്പെടെയുള്ളവരുടെ നിയമനമാണ് അസാധുവാക്കിയത്. പ്രിൻസിപ്പൽ തസ്തികയിൽനിന്ന് കഴിഞ്ഞ 15ന് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയ ഡോ.വി. അനിൽ, ഡോ. സുനിൽ ജോൺ എന്നിവരുടെ പ്രിൻസിപ്പൽ തസ്തികയിലെ നിയമനവും അസാധുവാക്കിയതിൽ ഉൾപ്പെടുന്നു.
2010ലെ യു.ജി.സി റെഗുലേഷനിൽ നിഷ്കർഷിക്കുന്ന യോഗ്യതയില്ലാത്തവരെയാണ് സെലക്ഷൻ നടപടികൾ സ്വീകരിക്കാതെ സീനിയോറിറ്റി മാത്രം അടിസ്ഥാനപ്പെടുത്തി പ്രിൻസിപ്പലാക്കിയതെന്ന് കാണിച്ച് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് മുൻ അധ്യാപകൻ ഡോ.എസ്. ബാബു നൽകിയ ഹരജിയിലാണ് ട്രൈബ്യൂണൽ വിധി. 2010ലെ യു.ജി.സി റെഗുലേഷൻ പ്രകാരം 15 വർഷത്തെ അധ്യാപന പരിചയം, പിഎച്ച്.ഡി, 400 എ.പി.ഐ സ്കോർ, ഗവേഷണ ഗൈഡ്ഷിപ് എന്നിവ പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യതയാണ്. യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ചായിരിക്കണം പ്രിൻസിപ്പൽ നിയമനം. എന്നാൽ ഇതൊന്നും പാലിക്കാതെ സീനിയോറിറ്റി മാത്രം അടിസ്ഥാനപ്പെടുത്തി 2017ൽ 10 പേർക്കും 2018ൽ രണ്ട് പേർക്കും പ്രിൻസിപ്പൽ നിയമനം നൽകിയതിനെയാണ് ഹരജിക്കാരൻ ചോദ്യം ചെയ്തത്.
ഈ സമയത്ത് യു.ജി.സി റെഗുലേഷൻ പ്രകാരമുള്ള യോഗ്യത തനിക്കുണ്ടെന്ന് ഹരജിക്കാരൻ ട്രൈബ്യൂണൽ മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ സീനിയോറിറ്റി അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ നിയമനം ആവശ്യപ്പെട്ട് നാല് അധ്യാപകർ മറ്റൊരു ഹരജിയുമായി ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഈ കേസിൽ ഡോ. എസ്. ബാബു കക്ഷിചേർന്നു. സീനിയോറിറ്റി അടിസ്ഥാനത്തിലുള്ള പ്രിൻസിപ്പൽ നിയമനം ആവശ്യപ്പെട്ടുള്ള ഹരജി ട്രൈബ്യൂണൽ തള്ളുകയും ചെയ്തു.
2017ലും 2018ലും നടത്തിയ പ്രിൻസിപ്പൽ നിയമനങ്ങൾ യു.ജി.സി റെഗുലേഷന്റെ ലംഘനമാണെന്ന് നിരീക്ഷിച്ച ട്രൈബ്യൂണൽ, ഹരജിക്കാരന്റെ അപേക്ഷ പരിഗണിച്ച് 2010 റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് രണ്ടുമാസത്തിനകം പ്രിൻസിപ്പൽ നിയമനം നടത്താൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകി.
2018ലെ യു.ജി.സി റെഗുലേഷൻ പ്രകാരം 55 കോളജുകളിൽ പുതിയ പ്രിൻസിപ്പൽ നിയമനത്തിനായി തയാറാക്കിയ പട്ടിക പ്രകാരമുള്ള നിയമനം സർക്കാർ വൈകിപ്പിക്കുന്നതിനിടെയാണ് പഴയ നിയമനം തന്നെ ട്രൈബ്യൂണൽ റദ്ദാക്കുന്നത്.
10 പേർ വിരമിച്ചു; സർവിസിലുള്ളത് നാല് പേർ
ട്രൈബ്യൂണൽ നിയമനം റദ്ദാക്കിയ 14 പ്രിൻസിപ്പൽമാരിൽ 10 പേരും വിരമിച്ചവർ. നാല് പേർ മാത്രമാണ് സർവിസിൽ അവശേഷിക്കുന്നത്. ഇവരിൽ രണ്ടുപേർക്കാണ് കഴിഞ്ഞദിവസം ഡെപ്യൂട്ടി ഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകിയത്. നിയമനം റദ്ദാക്കിയതോടെ ഇവർക്ക് ഡെപ്യൂട്ടി ഡയറക്ടർ തസ്തകയിൽ ചുമതലയേൽക്കാനാകില്ല.
പ്രിൻസിപ്പൽ നിയനം റദ്ദായവർ: ഡോ.കെ. കൃഷ്ണൻകുട്ടി, ഡോ. വി. ഗോപകുമാർ, ഡോ. വി. റജുല, ഡോ. സുനിൽ ജോൺ, ഡോ. ഡി. ഉഷാകുമാരി, ഡോ. രാജശ്രീ, ഡോ.കെ.എസ്. മായ, ഡോ. മേഴ്സി ജോസഫ്, ഡോ. വി. അനിൽ, ഡോ. അനുരാധ, ഡോ.കെ.കെ. ദാമോദരൻ, ഡോ.പി.പി. ജയകുമാർ. ഇതിൽ കെ.കെ. ദാമോദരൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ എക്സി. ബോഡി അംഗവും ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിനായി സർക്കാർ നിയോഗിച്ച കമീഷനുകളിൽ ഒന്നിൽ അംഗവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.