കേന്ദ്ര സർവകലാശാല രജിസ്ട്രാർ നിയമനം; അന്വേഷിക്കണമെന്ന് വിജിലൻസ് കമീഷൻ
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാല രജിസ്ട്രാർ നിയമനം അന്വേഷിക്കണമെന്ന് കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) വൈസ് ചാൻസലർക്ക് നിർദേശം നൽകി. ചട്ടം ലംഘിച്ചാണ് എം. മുരളീധരൻ നമ്പ്യാരെ നിയമിച്ചതെന്ന് സൂചിപ്പിച്ച് രജിസ്ട്രാർ നിയമനത്തിനുള്ള അഭിമുഖത്തിന് ഹാജരായ ഈശ്വര മൂർത്തി മുത്തുസ്വാമി രാഷ്ട്രപതി ഭവന് പരാതി നൽകിയിരുന്നു.
ഇത് പരാതി കേന്ദ്ര മാനവശേഷി മന്ത്രാലയം വഴി സി.വി.സിക്ക് കൈമാറിയതിനെ തുടർന്നാണ് നടപടി. അന്വേഷണ പുരോഗതി സി.വി.സി പോർട്ടലിൽ അപ് ലോഡ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. മുരളീധരൻ നമ്പ്യാരെ രജിസ്ട്രാർ ആയി നിയമിച്ചത് എല്ലാ ചട്ടവും ലംഘിച്ചുകൊണ്ടാണെന്നാണ് ആരോപണം. രജിസ്ട്രാർക്ക് നിഷ്കർഷിച്ച പ്രായപരിധിയും ലംഘിക്കപ്പെട്ടു.
മുൻ രജിസ്ട്രാർ സന്തോഷ് കുമാർ രാജിവെച്ച ഒഴിവിലാണ് മുരളീധരൻ നമ്പ്യാർക്ക് നിയമനം ലഭിച്ചത്. അഭിമുഖത്തിൽ ഉയർന്ന മാർക്ക് നേടിയ സന്തോഷ് കുമാർ വാഴ്സിറ്റി ഉന്നതർക്ക് അനഭിമതനായിരുന്നു. നമ്പ്യാർക്ക് നിയമനം നൽകാൻ ഇദ്ദേഹത്തെ സമ്മർദത്താൽ രാജിവെപ്പിക്കുകയായിരുന്നെന്നാണ് ആക്ഷേപം. സന്തോഷ് കുമാറിന്റെ നിയമനത്തിന് 2021 ഫെബ്രുവരി 16ന് വിജ്ഞാപനം നടത്തിയിരുന്നു. ഇതിന്റെ അഭിമുഖത്തിനുശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നില്ല. രണ്ടാംറാങ്കുകാരൻ ആരെന്നത് മറച്ചുവെക്കാനായിരുന്നു ഇത്. സിലുവെദ്യനാഥൻ, പങ്കജാക്ഷൻ, ടി.പി. അബ്ബാസ്, സുകുമാർ എന്നിവരാണ് സന്തോഷിനുശേഷം പട്ടികയിലുണ്ടായിരുന്നവർ.
റാങ്ക്പട്ടികയിൽ നിന്ന് എടുത്താൽപോലും സിലുവൈദ്യനാഥന് നിയമനം നൽകണം. എന്നാൽ, സംഘ്പരിവാർ അനുകൂല നിലപാടിലേക്ക് മാറിയ മുൻ കോൺഗ്രസ് അനുഭാവിയായ മുരളീധരൻ നമ്പ്യാർക്ക് നിയമനം നൽകാൻ സ്വകാര്യ സ്ഥാപനത്തിലെന്ന പോലെ നേരിട്ട് നിയമിക്കുകയായിരുന്നെന്നതാണ് പരാതിയുടെ കാതൽ. വാഴ്സിറ്റി നിയമന ചട്ടത്തിലെ അധ്യാപകേതര നിയമനത്തിനുള്ള കാഡർ റിക്രൂട്ട്മെന്റ് ചട്ടം അട്ടിമറിച്ചെന്നതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. രജിസ്ട്രാറുടെ നിയമനം അന്വേഷിക്കാനുള്ള കത്ത് എത്തിയത് രജിസ്ട്രാറായ മുരളീധരൻ നമ്പ്യാറുടെ മുന്നിലാണ്. എന്നാൽ, ഇദ്ദേഹം ഔദ്യോഗിക ആവശ്യത്തിന് ഡൽഹിയിലേക്ക് പോയപ്പോൾ ചുമതല മോഹൻ കുന്ദറിനായിരുന്നു. അദ്ദേഹമാണ് കത്ത് വി.സിയുടെ ശ്രദ്ധയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.