പൊലീസ് കംപ്ലെയിന്റ് അതോറിറ്റി മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ നിയമനം; വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാന പൊലീസ് കംപ്ലെയിൻറ് അതോറിറ്റിയിൽ (പി.സി.എ) മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള നടപടികൾ മൂന്നാഴ്ചക്കകം പൂർത്തിയാക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ വൈകിയതിന് ഹൈകോടതി സർക്കാറിനോട് വിശദീകരണം തേടി. കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി നൽകാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹരജി ഈ മാസം 25ന് പരിഗണിക്കാൻ മാറ്റി.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ പരിഗണിക്കുന്ന അതോറിറ്റിയിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ വെങ്ങോല സ്വദേശിയും റോഡ് ആക്സിഡൻറ് ഫോറം ഉപദേശക സമിതിയംഗവുമായ ജാഫർഖാൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പരാതികൾ വിശദമായി അന്വേഷിക്കാൻ സംസ്ഥാനതലത്തിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ നിയമനത്തിന് സർക്കാർ തീരുമാനമെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നാണ് ഹരജിയിലെ ആരോപണം. മൂന്നുമാസത്തിനകം വിജ്ഞാപനമിറക്കി നിയമന നടപടി പൂർത്തിയാക്കാൻ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ നവംബർ 11നാണ് നിർദേശിച്ചത്.
ഈ കാലാവധി കഴിഞ്ഞിട്ടും നിയമനം പൂർത്തിയായില്ലെങ്കിലും നിശ്ചിത സമയത്തിനകം നിയമന നടപടികൾ പൂർത്തിയാക്കുമെന്ന മറുപടിയാണ് സർക്കാർ നൽകിയത്. മൂന്നുമാസം നൽകിയിട്ടും നിയമനം പൂർത്തിയാക്കാത്തതിനോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, തുടർന്നാണ് വിശദീകരണം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.