കോളജ് പ്രിൻസിപ്പൽ നിയമനം; ഉന്നതവിദ്യാഭ്യാസ വകുപ്പ് ഫയൽ കൈകാര്യം ചെയ്ത രീതിയിൽ ട്രൈബ്യൂണലിന് അതൃപ്തി
text_fieldsതിരുവനന്തപുരം: കോളജ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസവകുപ്പിൽ ഫയൽ കൈകാര്യം ചെയ്ത രീതിയിൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അതൃപ്തി രേഖപ്പെടുത്തി. പരിശോധനക്ക് സർക്കാർ ഹാജരാക്കിയ ഫയലുകൾ അപൂർണമാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിലെ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയത്.
പരാതി ലഭിച്ചതിനാലാണ് 43 പേരുടെ സെലക്ട് ലിസ്റ്റിൽ നിന്ന് നിയമനം നടത്താതിരുന്നതെന്നാണ് സർക്കാർ ബോധിപ്പിച്ചിരുന്നത്. ചട്ടപ്രകാരം പരാതി സമർപ്പിക്കേണ്ട ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) കൺവീനർ മുമ്പാകെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഏതാനും പരാതി ലഭിെച്ചന്നാണ് ഹാജരാക്കിയ ഫയൽ പരിശോധിച്ചതിൽനിന്ന് മനസ്സിലായത്. ഒരു പരാതി കൂടുതൽ പേരുകൾ ഉള്ളതും ഒരാൾ മാത്രം ഒപ്പിട്ടതുമാണ്. മറ്റൊരു പരാതി ഗവ. കോളജ് അധ്യാപക സംഘടനയുടേതാണ്.
അപ്പീൽ കമ്മിറ്റിയും മറ്റൊരു സെലക്ഷൻ കമ്മിറ്റിയും രൂപവത്കരിച്ച് 76 പേരുടെ പട്ടിക തയാറാക്കിയ സർക്കാർ നടപടിയെ സാധൂകരിക്കുന്ന ഒരു വാദവും സർക്കാർ പ്ലീഡർക്ക് മുന്നോട്ടുവെക്കാനായിട്ടില്ലെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. 43 പേരുടെ പട്ടികയിൽനിന്ന് നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ സമർപ്പിച്ച് അഞ്ച് മാസത്തിന് ശേഷമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി സെലക്ട് ലിസ്റ്റ് കരട് പട്ടികയായി പ്രസിദ്ധീകരിക്കാൻ നിർദേശിച്ചത്. അേതസമയം, യു.ജി.സി കെയർ ലിസ്റ്റിൽ ഉൾപ്പെടാത്ത ജേണലുകളിലെ പ്രസിദ്ധീകരണങ്ങൾ സെലക്ഷൻ കമ്മിറ്റിയിലെ ചില വിഷയ വിദഗ്ധർ പരിഗണിച്ചെന്ന അപാകതയും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് 43 പേരുടെ പട്ടികയിൽ നിന്ന് രണ്ടാഴ്ചക്കകം താൽക്കാലിക നിയമനം നൽകാൻ ട്രൈബ്യൂണൽ ഇടക്കാല ഉത്തരവ് നൽകിയത്. യോഗ്യരായ മുഴുവൻപേർക്കും അവസരം നൽകി പുതിയ സെലക്ഷൻ നടപടികൾക്കും ട്രൈബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്. നിയമനത്തിന് പൂർണമായും യു.ജി.സി െറഗുലേഷൻ വ്യവസ്ഥകൾ പാലിക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.