കെ. ജയപ്രസാദിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാല മുൻ പ്രൊ. വൈസ് ചാൻസലർ ഡോ കെ. ജയപ്രസാദിനെ അസോസിയേറ്റ് പ്രൊഫസാറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. നിയമന സമയത്ത് നടന്ന അഭിമുഖത്തിന് ജയപ്രസാദിനൊപ്പം ഹാജരായ കൊല്ലം എസ്.എൻ കോളജ് അധ്യാപിക ഡോ. എസ്.ആർ. ജിത നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഹരജിയുടെ അടിസ്ഥാനത്തിൽ കമ്മിറ്റി രൂപവത്കരിച്ച് ഇരുവരുടെയും വാദം കേട്ട് കോടതിക്ക് റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ അന്നത്തെ വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കിടേശ്വർലു രൂപവത്കരിച്ച കമ്മിറ്റി ജയപ്രസാദിന്‍റെ നിയമനം സാധുവാക്കി കോടതിക്ക് സമർപിച്ചു. തുടർന്ന്, താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിച്ചില്ല എന്ന് ജിത ബോധിപ്പിച്ചു. എന്തുകൊണ്ട് പ്രശ്നത്തിന്‍റെ മെറിറ്റിലേക്ക് കടന്നില്ല എന്ന് ചോദിച്ച കോടതി, കമ്മറ്റിയുടെ റിപ്പോർട്ട് തള്ളുകയും ചെയ്തു. ഇരുവരെയും കേട്ട ശേഷം വീണ്ടും റിപ്പോർട്ട് നൽകാനാണ് നിർദേശം. അസോ. പ്രൊഫസർ തസ്തികയിൽ നിന്നും പ്രൊഫസർ നിയമനവും അതുവഴി പി.വി.സി നിയമനവും നേടിയ ജയപ്രസാദിൻ്റെ നിയമനവും പ്രമോഷനും നിയമവിരുദ്ധമാകുന്നുവെന്നാണ് ഉത്തരവിലൂടെ വ്യക്തമാകുന്നത്. ഫലത്തിൽ സർവകലാശാല നിയന്ത്രിക്കാൻ സംഘപരിവാർ നിയോഗിച്ച ഭാരതീയ വിചാര കേന്ദ്രം മുൻ വൈസ് പ്രസിഡന്റ് ജയപ്രസാദിന്‍റെ നിയമനം തന്നെ അസാധുവായി. വിചാര കേന്ദ്രത്തിൽ നിന്ന് അയാളെ മാറ്റി നിർത്തിയിരുന്നു.
2015 ഫെബ്രുവരി 13ന് ക്ഷണിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ നവംബർ 11നാണ് ഇന്‍റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ അസോസിയറ്റ് പ്രഫസറായി ജയപ്രസാദ് നിയമിതനായത്. 2015 നവംബർ ഒമ്പതിന് എയ്ഡഡ് കോളജിൽനിന്ന് വിടുതൽ നേടിയാണ് കേന്ദ്ര സർവകലാശാലയിൽ ചേർന്നത്. ചട്ടപ്രകാരം കേന്ദ്ര വാഴ്സിറ്റിയിൽ 12 മാസം പ്രബേഷൻ കാലാവധി പൂർത്തിയാക്കേണ്ടതാണ്. തുടർന്ന് ആറ്- എട്ടു മാസങ്ങൾക്കകം എക്സിക്യൂട്ടിവ് കൗൺസിൽ അദ്ദേഹത്തിന്റെ സ്ഥിരനിയമനം അംഗീകരിക്കണം. 2017 ഏപ്രിൽ 21ന് ചേർന്ന സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ അദ്ദേഹത്തിന്റെ പ്രബേഷൻ കാലാവധിയുൾപ്പെടുത്തി മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവി നൽകി. ഇത് ചട്ടവിരുദ്ധമാണ്. ഇതുസംബന്ധിച്ച് ഡൽഹി ഹൈകോടതിയുടെ നിരീക്ഷണവും ഓഡിറ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.