കെ.എസ്.ഇ.ബിയിൽ കെ.എ.എസ് നിയമനം; പ്രതിഷേധം കനക്കുന്നു
text_fieldsതിരുവനന്തപുരം: വിവിധ തസ്തികയിലേക്ക് കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ (കെ.എ.എസ്) നിന്ന് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിനെതിരെ കെ.എസ്.ഇ.ബിയിൽ പ്രതിഷേധം കനക്കുന്നു. കെ.എസ്.ഇ.ബിയുടെ ഏഴു വിഭാഗങ്ങളിലെ ഒഴിവുകളിൽ കെ.എ.എസുകാരെ നിയമിക്കാവുന്നതാണെന്നു കാണിച്ച് സി.എം.ഡി രാജൻ ഖൊബ്രഗഡെ കഴിഞ്ഞ ദിവസമാണ് ഊർജ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയത്. ഐ.ടി, പി ആൻഡ് എസ്.സി.എം, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, ജനറേഷൻ, ലോ, ഫിനാൻസ് അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിലാണിത്.
കെ.എ.എസുകാരുടെ നിയമനം മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും കത്തിൽ പറയുന്നു. എന്നാൽ, കെ.എസ്.ഇ.ബിയിലെ ഒഴിവുകളിൽ കെ.എ.എസിൽനിന്ന് നിയമനം നടത്തുന്നത് ത്രികക്ഷി കരാറിന്റെ ലംഘനമാണെന്നാണ് ജീവനക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തുന്നത്. സ്ഥാനക്കയറ്റ മാനദണ്ഡങ്ങൾ കമ്പനി നിലവിൽവന്നശേഷവും തുടരുമെന്ന് കെ.എസ്.ഇ.ബിയും സർക്കാറും ത്രികക്ഷി കരാറിലൂടെ തൊഴിലാളി- ഓഫിസർ സംഘടനകൾക്ക് ഉറപ്പ് നൽകിയിരുന്നതാണ്.
കെ.എസ്.ഇ. ബിയിലെ ഓഫിസർമാരെയും ജീവനക്കാരെയും കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്ക് അപേക്ഷിക്കാൻ അനുവദിച്ചിരുന്നില്ല. സ്ഥാപനത്തിന്റെ സാമ്പത്തികനില മോശമായ സാഹചര്യത്തിൽ ഡെപ്യൂട്ടേഷൻ കുറക്കുന്നതിനു പകരം കൂടുതൽ തസ്തികയിലേക്ക് വ്യാപിപ്പിക്കാനുള്ള നിർദേശം ധനസ്ഥിതി കൂടുതൽ മോശമാക്കുമെന്നും വിമർശനമുണ്ട്.
നിലവിൽ ഇത്തരം തസ്തികകളിൽ നിയമിക്കുന്നതിനുള്ള യോഗ്യരായ ജീവനക്കാർ കെ.എസ്.ഇ.ബിയിലുണ്ട്. കെ.എ.എസുകാരെ നിയമിക്കുന്നതിലൂടെ വലിയ സാമ്പത്തിക ബാധ്യതയാണ് സ്ഥാപനത്തിനുണ്ടാവുക. ഇത് മൊത്തത്തിലുള്ള നഷ്ടക്കണക്കിലേക്ക് ചേർക്കപ്പെടുന്ന സാഹചര്യവുമുണ്ടാകും.
വൈദ്യുതി മേഖലയിലെ ഓഫിസർമാരുടെ സ്ഥാനക്കയറ്റ സാധ്യതകൾ ഇല്ലാതാക്കുന്ന കെ.എ.എസ് തീരുമാനം അംഗീകരിക്കാനാകില്ലെന്നു കാണിച്ച് സി.എം.ഡിക്ക് കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് കോൺഫെഡറേഷൻ കത്ത് നൽകി. കെ.എസ്.ഇ.ബിയിലെ മറ്റ് യൂനിയനുകളും കെ.എ.എസ് വിഷയത്തിൽ പ്രതിഷേധ പരിപാടികൾക്കുള്ള തയാറെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.