‘മലയാളം’ വി.സി നിയമനം: ഗവർണറുടെ നിർദേശം തള്ളിയതിന്റെ രേഖകൾ പുറത്ത്
text_fieldsതിരുവനന്തപുരം: മലയാളം സർവകലാശാല വൈസ്ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപവത്കരിക്കാൻ സർക്കാർ നടപടി തുടങ്ങിയത് ചാൻസലറായ ഗവർണറുടെ നിർദേശം തള്ളിയാണെന്ന് രേഖകൾ. സെർച്ച് കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധിയെ ചോദിച്ച് 2022 ഒക്ടോബർ 14ന് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്തുവന്നത്. ഇതോടൊപ്പം ഗവർണർ ഒപ്പിടാത്ത ബില്ലിലെ വ്യവസ്ഥ പ്രകാരം അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപവത്കരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഫയലിൽ നിർദേശം നൽകിയതിന്റെ രേഖയും പുറത്തുവന്നു.
വി.സി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സർക്കാർ, യു.ജി.സി, ചാൻസലർ എന്നിവരുടെ പ്രതിനിധികൾ ആവശ്യമാണെന്നും എത്രയും വേഗം സർക്കാർ പ്രതിനിധിയുടെ പേര് നൽകണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. സെർച്ച് കമ്മിറ്റി അംഗമാകുന്നവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ചവരായിരിക്കണമെന്നതടക്കമുള്ള യു.ജി.സി വ്യവസ്ഥയും കത്തിൽ ചൂണ്ടിക്കാട്ടി. ഗവർണറുടെ കത്ത് തള്ളിയ സർക്കാർ സമാന്തരമായി മറ്റൊരു സെർച്ച് കമ്മിറ്റിക്ക് നടപടി ആരംഭിക്കുകയായിരുന്നു.
സർക്കാർ തലത്തിൽ സെർച്ച് കമ്മിറ്റി രൂപവത്കരിക്കാൻ ഒക്ടോബർ 29നാണ് ഫയൽ ആരംഭിച്ചത്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകിയ വിവരം പ്രത്യേകം സൂചിപ്പിച്ച ഫയൽ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ തീരുമാനത്തിനായി സമർപ്പിച്ചു. എന്നാൽ, ഗവർണർ നിർദേശിച്ച മൂന്നംഗ സെർച്ച് കമ്മിറ്റിക്കു പകരം അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള സർക്കാർ തീരുമാനം രേഖപ്പെടുത്തിയ മന്ത്രി, അതുപ്രകാരമുള്ള പ്രതിനിധികളെ ലഭ്യമാക്കി ഫയൽ വീണ്ടും സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. ഗവർണർ ഒപ്പിടാത്ത ബില്ലിൽ നിർദേശിച്ച ഘടനയിലുള്ള സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനായിരുന്നു കഴിഞ്ഞ ജനുവരി ഏഴിന് മന്ത്രി ഫയലിൽ രേഖപ്പെടുത്തിയത്.
സെർച്ച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ തേടി ഗവർണർ കത്ത് നൽകിയത് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചു. മന്ത്രി നിർദേശിച്ച രീതിയിലെ സെർച്ച് കമ്മിറ്റിക്ക് വ്യവസ്ഥയുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ ഫയലിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രി ഫയലിൽ ആവർത്തിച്ച് നിർദേശം നൽകി. ഇതുപ്രകാരമാണ് സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ജനുവരി 18ന് സർക്കാർ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയത്.
ഇതോടൊപ്പം സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ, മലയാളം സർവകലാശാല രജിസ്ട്രാർ, യു.ജി.സി ജോ. സെക്രട്ടറി എന്നിവർക്കും സർക്കാർ കത്ത് നൽകി. അതേസമയം, വി.സി നിയമന സെർച്ച് കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധിക്കു പുറമെ, യു.ജി.സി, സർവകലാശാല പ്രതിനിധികളുടെയും പേര് നേരത്തേ രാജ്ഭവനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമുള്ള യു.ജി.സി പ്രതിനിധിയുടെ പേര് രാജ്ഭവനിൽ ലഭിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.