പ്രിൻസിപ്പൽ നിയമനത്തിൽ സർക്കാർ നീക്കത്തിന് തിരിച്ചടി; 43 പേരുടെ പട്ടികയിൽനിന്ന് രണ്ടാഴ്ചക്കകം നിയമനത്തിന് ഉത്തരവ്
text_fieldsതിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി തയാറാക്കി ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) അംഗീകരിച്ച 43 പേരുടെ പട്ടികയിൽ രണ്ടാഴ്ചക്കകം താൽക്കാലിക നിയമനത്തിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉൾപ്പെടുത്തി നിയമന പട്ടിക 76 പേരുടേതാക്കി വിപുലീകരിച്ച് നിയമനം നടത്താനുള്ള സർക്കാർ നീക്കത്തിന് ഇടക്കാല ഉത്തരവ് തിരിച്ചടിയായി.
നിലവിൽ യോഗ്യരായ മുഴുവൻ പേർക്കും അവസരം നൽകി, 2018ലെ യു.ജി.സി റെഗുലേഷൻ പൂർണമായും പാലിച്ച് പുതിയ സെലക്ഷൻ നടപടി നടത്താനും ട്രൈബ്യൂണൽ നിർദേശം നൽകി. ഇതോടെ 43 പേരുടെ പട്ടിക വിപുലീകരിച്ച് സർക്കാർ തയാറാക്കിയ 76 പേരുടെ പട്ടികയും അതിനായി നടത്തിയ സെലക്ഷൻ നടപടികളും അപ്രസക്തമായി.
ഡി.പി.സി അംഗീകരിച്ച 43 പേരുടെ പട്ടികയിൽനിന്ന് നിയമനത്തിനായി കോളജ് വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ സമർപ്പിച്ചപ്പോൾ പട്ടിക, കരട് പട്ടികയായി പ്രസിദ്ധീകരിക്കാനും പുറത്തുപോയവരിൽനിന്ന് പരാതി സ്വീകരിച്ച് തീർപ്പാക്കാനായി അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചത് വിവാദമായിരുന്നു. മന്ത്രിയുടെ നിർദേശ പ്രകാരം അപ്പീൽ കമ്മിറ്റി രൂപവത്കരിച്ചാണ് 43 പേരുടെ പട്ടിക 76 പേരുടേതാക്കിയത്. ഈ പട്ടികയിൽനിന്ന് നിയമനം നടത്താൻ സർക്കാർ നടത്തിയ നീക്കമാണ് ട്രൈബ്യൂണൽ ഉത്തരവിലൂടെ തടയപ്പെട്ടത്. 43 പേരുടെ പട്ടിക ഉൾപ്പെടെ തള്ളി പുതിയ സെലക്ഷൻ നടപടി വേണമെന്നാണ് വ്യാഴാഴ്ച ട്രൈബ്യൂണൽ മുമ്പാകെ ഹാജരായ സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
എന്നാൽ, 43 പേരുടെ പട്ടികയിൽനിന്ന് താൽക്കാലിക നിയമനം നടത്താനും പുതിയ സെലക്ഷൻ നടപടികൾക്കുമാണ് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവ് നൽകിയത്. ട്രൈബ്യൂണൽ നിർദേശ പ്രകാരം പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അഡീഷനൽ സെക്രട്ടറി ജി. ഹരികുമാർ ഹാജരായി. ഫയലുകൾ പരിശോധിച്ച ട്രൈബ്യൂണൽ, അവ അപൂർണമാണെന്ന് വാക്കാൽ പരാമർശിച്ചു. എന്നാൽ, പ്രിൻസിപ്പൽ നിയമന പട്ടികയിൽ , അയോഗ്യരായവരെ ഉൾപ്പെടുത്താൻ സർക്കാർ ശ്രമം നടത്തിയിട്ടില്ലെന്ന് സർക്കാറിനുവേണ്ടി ഹാജരായ സീനിയർ പ്ലീഡർ ആന്റണി മുക്കത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.