സിസ തോമസിന്റെ നിയമനം താൽക്കാലികം; കെ.ടി.യു വി.സിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാർ -ഹൈകോടതി
text_fieldsകൊച്ചി: സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിന് അംഗങ്ങളെ ഉൾപ്പെടുത്തി പാനൽ ശിപാർശ ചെയ്യാൻ സർക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി. സർക്കാർ നൽകുന്ന പട്ടികയിൽനിന്നാണ് വി.സിമാരെ നിയമിക്കേണ്ടതെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സർവകലാശാല നിയമത്തിന്റെ 13(7) വകുപ്പ് ചൂണ്ടിക്കാട്ടിയാണ് സർക്കാറിന്‍റെ അധികാരം കോടതി വ്യക്തമാക്കിയത്. എന്നാൽ, യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരെ മാത്രമേ പാനലിൽ ഉൾപ്പെടുത്താവൂ. താൽക്കാലിക ചുമതല വഹിക്കുന്നയാൾക്ക് അനിശ്ചിതമായി ഈ പദവിയിൽ തുടരാനാവില്ലെന്നും വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ മാറ്റം ആവശ്യമെങ്കിൽ സർക്കാറിന് പുതിയ നിയമനത്തിനായി പാനൽ നൽകാമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം, പ്രത്യേക സാഹചര്യത്തിൽ ചാൻസലറായ ഗവർണർ നടത്തിയ താൽക്കാലിക നിയമനമായതിനാലും ഉദ്ദേശ്യശുദ്ധിയിൽ സംശയമില്ലാത്തതിനാലും ഡോ. സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അവർക്ക് മതിയായ യോഗ്യതയുമുണ്ട്. വി.സിയുടെ ചുമതല ഡോ. സിസ തോമസിന് നൽകിയ ചാൻസലറുടെ നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാറിന്‍റെ അപ്പീൽ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വൈസ് ചാൻസലറായിരുന്ന ഡോ. എം.എസ്. രാജശ്രീക്ക് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സ്ഥാനം ഒഴിയേണ്ടിവന്നതിനെ തുടർന്നാണ് താൽക്കാലിക നിയമനം വേണ്ടിവന്നത്. ഡിജിറ്റൽ സർവകലാശാല വി.സിക്കോ പ്രൊ വൈസ് ചാൻസലർക്കോ ചുമതല നൽകണമെന്ന സർക്കാർ നിർദേശം കണക്കിലെടുക്കാതെ ചാൻസലർ ഏകപക്ഷീയമായി സിസയെ നിയമിച്ചെന്നാരോപിച്ചാണ് സർക്കാർ സിംഗിൾ ബെഞ്ചിനെ സമീപിച്ചത്.
എന്നാൽ, നിയമനത്തിൽ സിംഗിൾ ബെഞ്ച് ഇടപെട്ടില്ല. വി.സി നിയമനത്തിനായി ഗവർണറുടെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തി സെർച് ആൻഡ് സെലക്ഷൻ കമ്മിറ്റിക്ക് ഉടൻ രൂപംനൽകണമെന്നും തുടർ നടപടികൾ വേഗം പൂർത്തിയാക്കണമെന്നും ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.