ആലപ്പുഴ ജില്ലയിലെ അധ്യാപക നിയമനം: രേഖകളില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
text_fieldsആലപ്പുഴ: സർക്കാർ സ്കൂളുകളിലെ നൂറുകണക്കിന് അധ്യാപകർ ജോലിയിൽ പ്രവേശിച്ചത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് രേഖകളില്ല. 23 വർഷത്തിലേറെയായി ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളിലാണ് നിയമന രേഖകളില്ലാതെ നിരവധി അധ്യാപകർ ശമ്പളം വാങ്ങുന്നത്. ഇവർ പി.എസ്.സി മുഖേന നേരിട്ടുള്ള നിയമനത്തിൽ വന്നോ, തസ്തിക മാറി വന്നോ, ജില്ലാന്തര സ്ഥലം മാറ്റത്തിലൂടെ എത്തിയോ, ആശ്രിത നിയമനമാണോ എന്നൊന്നും അറിയാൻ നിയമനാധികാരിയായ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ രേഖകളില്ല. പരാതിയെത്തുർന്ന് വിവരാവകാശ കമീഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
വ്യക്തമായ രേഖകളില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും നിയമനത്തട്ടിപ്പ് നടക്കുന്നുവെന്നും പി.എസ്.സി ലിസ്റ്റിലുള്ളവർക്ക് നിയമനം ലഭിക്കാത്തത് സംബന്ധിച്ച് ഡി.ഡി ഓഫിസ് കൈമലർത്തുന്നുവെന്നും കാട്ടി പി.എസ്.സി റാങ്ക് പട്ടികയിലുൾപ്പെട്ട കായംകുളം കൊറ്റുകുളങ്ങര ഒറകാരിശ്ശേരിൽ നസ്റിൻ ഖാന്റെ പരാതിയെത്തുടർന്ന് വിവരാവകാശ കമീഷൻ റിപ്പോർട്ട് തേടിയിരുന്നു. സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ.എ. ഹക്കീമിന്റെ നേതൃത്വത്തിൽ മൂന്നുപ്രാവശ്യം വിചാരണ നടത്തിയ കമീഷൻ, നസ്റിൻഖാന് മുഴുവൻ വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ രേഖ പകർപ്പുകളും സൗജന്യമായി നൽകിയ ശേഷം കഴിഞ്ഞ ഏപ്രിൽ ഏഴിനകം നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവായിരുന്നു.
അതനുസരിച്ച് തനിക്കുകിട്ടിയ രേഖകൾ വ്യാജമാണെന്നും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അപേക്ഷകൻ കമീഷനെ ബോധ്യപ്പെടുത്തി. തുടർന്ന് കമീഷണർ നേരിട്ട് ആലപ്പുഴയിലെത്തി നടത്തിയ തെളിവെടുപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. ഈ ഓഫിസിൽ 2001 വരെ ഉദ്യോഗസ്ഥർക്ക് നിയമനം നൽകുന്നത് സംബന്ധിച്ച രജിസ്റ്റർ സൂക്ഷിച്ചിരുന്നില്ല.
2002ൽ ആദ്യമായി രജിസ്റ്റർ തുടങ്ങിയെങ്കിലും സോഷ്യൽ സയൻസ് വിഭാഗത്തിൽ പി.എസ്.സി വഴിയും സ്ഥലംമാറ്റം മുഖേനയും ആശ്രിത നിയമനത്തിലൂടെയും അധ്യാപകരെ നിയമിച്ചതിന്റെ ഒരു രേഖപ്പെടുത്തലും രജിസ്റ്ററിൽ ഇല്ല. ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ രണ്ടുപതിറ്റാണ്ടായി നിയമന തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രേഖതിരിമറി ഉൾപ്പെടെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തുകയും ശക്തമായ നടപടികൾക്ക് ശിപാർശ സമർപ്പിക്കുകയും ചെയ്തിരുന്നു. അതിന്മേൽ ഒരുനടപടിയും ഉണ്ടായിട്ടില്ലെന്നും കമീഷൻ കണ്ടെത്തി.
റിപ്പോർട്ട് മുക്കിയവർക്കെതിരെ നടപടി സ്വീകരിക്കണം –വിവരാവകാശ കമീഷൻ
വിജിലൻസ് റിപ്പോർട്ട് മുക്കിയവർക്കെതിരെ റിപ്പോർട്ടിലെ ശിപാർശപ്രകാരം മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിച്ച് ജൂലൈ 31നകം വിവരം സമർപ്പിക്കാൻ വിവരാവകാശ കമീഷണർ ഹക്കീം വിദ്യാഭ്യാസ ഡയറക്ടർ ജനറലിന് നിർദേശം നൽകി ഉത്തരവായി.
സമൂഹത്തിന് സംസ്കാരവും പരിഷ്കാരവും പഠിപ്പിക്കേണ്ട വിദ്യാഭ്യാസ വകുപ്പിന്റെ ജില്ല ആസ്ഥാനത്ത് വിശ്വാസ്യതക്ക് നിരക്കാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ പൊലീസിനെയോ ഉയർന്ന മറ്റ് ഏജൻസികളെയോകൊണ്ട് വീണ്ടും സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് ലഭ്യമാക്കണമെന്നും കമീഷണറുടെ ഉത്തരവിൽ പറയുന്നു. നിയമപ്രകാരമുള്ള വിവരം നൽകാതിരുന്നവരും രേഖകൾ സൂക്ഷിക്കാതിരുന്നവരുമായ ഉദ്യോഗസ്ഥർക്കെതിരെ വിവരാവകാശ നിയമം 20 (2) പ്രകാരം വകുപ്പുതല ശിക്ഷാനടപടി സ്വീകരിക്കാനും ഡയറക്ടറോട് കമീഷണർ നിർദേശിച്ചു.
ഇക്കാര്യത്തിൽ വ്യാപകവും നിരന്തരവും ആസൂത്രിതവുമായ അഴിമതി എന്ന ആരോപണം സത്യവിരുദ്ധമാണെന്ന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ നേരിട്ട് ഇടപെട്ട് ക്രമപ്രകാരം രേഖകൾ ഉണ്ടാക്കുന്നതിന് ഉചിത നടപടി സ്വീകരിക്കാൻ വകുപ്പിന്റെ സെക്രട്ടറിയോട് കമീഷണർ നിർദേശിച്ചു. നടപടി സംബന്ധിച്ച വിവരങ്ങൾ ജൂലൈ 31നകം കമീഷന് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.