വി.സി നിയമനം: വടംവലിക്ക് ഗവർണർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എട്ടു സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റികളിലേക്ക് സർവകലാശാല പ്രതിനിധികളെ ഉടനടി നൽകാൻ നിർദേശിച്ച് രജിസ്ട്രാർമാർക്ക് രാജ്ഭവന്റെ കത്ത്. വൈസ് ചാൻസലർ നിയമനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി വന്നതോടെയാണ് രാജ്ഭവൻ നടപടി വേഗത്തിലാക്കിയത്.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ വി.സി നിയമന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. രണ്ടു സർവകലാശാലകളിലേക്ക് നേരത്തേതന്നെ കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വി.സി പദവി ഒഴിവുള്ള എട്ടു സർവകലാശാലകളിലും നിയമനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രഫ. മേരി ജോർജ് ഹൈകോടതിയിൽ ഹരജി നൽകിയത്. കേസ് ജനുവരി 12നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് രജിസ്ട്രാർമാർക്ക് ഗവർണറുടെ നിർദേശ പ്രകാരം രാജ്ഭവൻ കത്ത് നൽകിയത്.
കേരള, എം.ജി, കുസാറ്റ്, കണ്ണൂർ, കാർഷികം, ഫിഷറീസ്, മലയാളം, എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലകളിൽ വി.സി നിയമനത്തിന് നടപടി സ്വീകരിക്കാനാണ് കത്ത് നൽകിയത്. സെനറ്റിന്റെ പ്രത്യേക യോഗം ചേർന്നുവേണം സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ. സർവകലാശാല പ്രതിനിധിക്ക് പുറമെ, ചാൻസലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി എന്നിവരാണ് സെർച് കമ്മിറ്റി അംഗങ്ങൾ.
സെർച് കമ്മിറ്റി മൂന്നിൽനിന്ന് അഞ്ചംഗങ്ങളാക്കി ഉയർത്താനുള്ള സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചിരുന്നെങ്കിലും ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്. കേസ് നേരത്തേ ഹൈകോടതി പരിഗണിച്ചപ്പോൾ ഗവർണർ ബില്ലിൽ ഒപ്പിടാത്ത കാര്യം സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ ഘടനയിലുള്ള സെർച് കമ്മിറ്റി ഉപയോഗിച്ച് വി.സി നിയമനം നടത്തിയാൽ സംഘ്പരിവാർ നോമിനികൾ സർവകലാശാലകളുടെ തലപ്പത്ത് വരുന്ന സാഹചര്യമുണ്ടാകുമെന്ന് സർക്കാർ ഭയപ്പെടുന്നുണ്ട്. അതിനാൽ നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമാകുന്നതു വരെ വി.സി നിയമനം വൈകിപ്പിക്കുന്നതിനായിരിക്കും സർക്കാർ ശ്രമിക്കുക.
‘കേരള’യിൽ നടപടിക്ക് നിർദേശം
തിരുവനന്തപുരം: വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി പ്രതിനിധിയെ നൽകാനുള്ള രാജ്ഭവൻ കത്തിൽ തുടർനടപടിക്ക് കേരള സർവകലാശാല വൈസ്ചാൻസലർ രജിസ്ട്രാർക്ക് നിർദേശം നൽകി.
രജിസ്ട്രാറുടെ കുറിപ്പ് ലഭിക്കുന്ന മുറക്ക് പ്രത്യേക സെനറ്റ് യോഗം ചേരാൻ നടപടിയെടുക്കുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.