വി.സി നിയമനം: ഗവർണറെ 'കൈകാര്യം' ചെയ്യൽ മുഖ്യമന്ത്രിയുടെ ദൗത്യം
text_fieldsതിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിൽ സർക്കാറിന്‍റെ ഓർഡിനൻസിന് ഒരുപടി മുന്നിൽ സെർച് കമ്മിറ്റി രൂപവത്കരിച്ച ഗവർണറെ കൈകാര്യം ചെയ്യുക മുഖ്യമന്ത്രിയുടെ ദൗത്യം. അതേസമയം, മറ്റ് 11 ഓർഡിനൻസ് പുതുക്കുന്നതിൽ ഗവർണറും സർക്കാറും തമ്മിൽ തർക്കമൊന്നുമില്ലെന്നും ഇരുഭാഗവും വ്യക്തമാക്കുന്നു. ഡൽഹി സന്ദർശനം കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 11 ന് മാത്രമാവും എത്തുക. മഞ്ഞുരുകാനും തീയിടാനുമുള്ള ഒരാഴ്ചയാണ് സർക്കാറിന് മുന്നിൽ.
എന്നാൽ, ഏറ്റുമുട്ടലിന്‍റെ രാഷ്ട്രീയം ഒഴിവാക്കി സർക്കാർ കാര്യം നടത്തിക്കൊണ്ടുപോകുന്ന മുഖ്യമന്ത്രിയുടെ നിലപാടാവും നിർണായകം. സർവകലാശാല നിയമ പരിഷ്കരണ കമീഷൻ റിപ്പോർട്ട് പ്രകാരമാണ് വി.സി നിയമനത്തിൽ ചാൻസലറായ ഗവർണർക്ക് മുകളിൽ സർക്കാർ മേൽക്കോയ്മ കൊണ്ടുവരുന്ന ഓർഡിനൻസിനു തീരുമാനിച്ചത്.
സർവകലാശാല പ്രതിനിധിയുടെ പേര് ലഭിക്കാത്തിടത്തോളം ഗവർണറുടെ വിജ്ഞാപനത്തിന് നിലനിൽപ്പില്ല എന്ന നിലപാടാണ് നിയമ വകുപ്പിന്. ഓർഡിനൻസുമായി മുന്നോട്ട് പോകാമെന്ന ഉപദേശമാണ് സർക്കാർ അനുകൂല നിയമവൃത്തങ്ങൾ നൽകുന്നത്.
ഏറ്റുമുട്ടലിനില്ലെന്ന നിലപാടാണ് ഗവർണർക്ക് എന്നാണ് രാജ്ഭവൻ നൽകുന്ന സൂചന. പിണറായി വിജയനുമായി ആരിഫ് മുഹമ്മദ് ഖാനുള്ള നല്ല ബന്ധം ഇതിനു തെളിവാണ്. എന്നാൽ, നേരത്തേ സർക്കാറുമായി കലഹിച്ച് ചാൻസലർ സ്ഥാനം ഒഴിയാമെന്ന് വ്യക്തമാക്കിയ ഗവർണർക്ക് മുഖ്യമന്ത്രിക്ക് നൽകിയ ഉറപ്പുകളുണ്ട്. ചാൻസലർ സ്ഥാനത്ത് തുടരണമെന്ന് അഭ്യർഥിച്ച പിണറായി വിജയൻ സർവകലാശാല വിഷയങ്ങളിൽ ഇടപെടലുണ്ടാവില്ലെന്ന് രേഖാമൂലം അറിയിച്ചിരുന്നു. അതിനു വിരുദ്ധമായാണോ ഓർഡിനൻസ് എന്നു സർക്കാറാണ് വിശദീകരിക്കേണ്ടതെന്നാണ് രാജ്ഭവൻ നിലപാട്.
ഏറ്റുമുട്ടലിന്‍റെ പാത എളുപ്പമാകില്ലെന്ന് സി.പി.എമ്മിനും അറിയാം. രണ്ടു പ്രാവശ്യം സർക്കാർ ഓർഡിനൻസ് അയച്ചാൽ ഗവർണർ അംഗീകരിക്കണമെന്നിരിക്കെതന്നെ രാജ്ഭവന് അതു രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാമെന്ന വഴിയും മുന്നിലുണ്ട്. രാഷ്ട്രപതിയുടെ തീരുമാനം വരാൻ ഒരു വർഷത്തിലധികം താമസം സ്വാഭാവികമായി ഉണ്ടാകാമെന്നത് തിരിച്ചടിയാവും.
നിർണായക ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസ് പുതുക്കിയിറക്കുന്നതിനും ഗവർണറുടെ അംഗീകാരം ആവശ്യമാണ്. ഇവയിൽ ചിലതിന്‍റെ കാലാവധി തിങ്കളാഴ്ച അവസാനിക്കും. അവ വീണ്ടും അയച്ചാൽ ഗവർണർ അംഗീകരിക്കുമെന്നുതന്നെയാണ് സർക്കാർ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.