വി.സി നിയമനങ്ങൾ ഉടൻ നടത്തണമെന്ന്; എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈകോടതി ഉത്തരവ്
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷകാലമായി കേരളത്തിലെ ഒൻപത് സർവകലാശാലകളിൽ വി.സി മാരെ നിയമിക്കാത്തതിനാൽ സർവകലാശാലകളുടെ പ്രവർത്തനം കുത്തഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, അടിയന്തരമായി വി.സിമാരെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായി.
സേർച്ച് കമ്മിറ്റി രൂപീകരിക്കുവാനുള്ള അധികാരം സർക്കാരിനാണെന്നും, ചാൻസിലർക്ക് അല്ലെന്നുമുള്ള അഡ്വ.ജനറൽ ഗോപാലകൃഷ്ണക്കുറുപ്പിെൻറ വാദം കോടതി റെക്കോർഡ് ചെയ്തു. എന്നാൽ, സുപ്രീംകോടതി വിധിപ്രകാരം വിസിമാരുടെ നിയമനത്തിൽ സർക്കാരിന് ഇടപെടാൻ അധികാരമില്ലെന്നും നിയമന അധികാരിയായ ചാൻസലറാണ് കമ്മിറ്റി രൂപീകരിക്കേണ്ടതെന്നും ഹർജിക്കാരിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ചൂണ്ടിക്കാട്ടി. ഹർജി തുടർ വാദത്തിനായി ജനുവരി 11ന് മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ധനതത്വ ശാസ്ത്ര അധ്യാപികയായിരുന്ന ഡോ. മേരി ജോർജ്ജാണ് ഹർജി ഫയൽ ചെയ്തത്. പൊതു താൽപര്യഹർജ്ജിയായാണ് കേസ് ഹൈകോടതി പരിഗണിച്ചത്. കേരള, എംജി, കുസാറ്റ്, കണ്ണൂർ, കെ.റ്റി.യു, മലയാളം, അഗ്രിക്കൾച്ചർ, ഫിഷറീസ്, നിയമ സർവകലാശാലകളിലാണ് സ്ഥിരം വിസിമാരില്ലാത്തത്. കെറ്റിയു നിയമ പ്രകാരം ആറുമാസത്തിൽ കൂടുതൽ താൽക്കാലിക വി.സിക്ക് ചുമതല നൽകാൻ പാടില്ലെന്ന് വ്യവസ്ഥ ഉള്ളപ്പോൾ കെ.ടി.യു വിൽ ഒരു വർഷമായി താൽക്കാലിക വിസി തുടരുകയാണ്. കേരളയിലും കെ.ടി.യുവിലും വി.സിമാരെ നിയമിക്കുവാനുള്ള നടപടി കൈക്കൊള്ളാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതേവരെയും മേൽ നടപടികൾ സ്വീകരിച്ചിട്ടില്ല.
സർവകലാശാല പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് നിർദ്ദേശിക്കാൻ സർവകലാശാലകൾ തയ്യാറാകാത്തതാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ വൈകുന്നത്. നിരവധി തവണ രാജ്ഭവൻ യൂണിവേഴ്സിറ്റി പ്രതിനിധിയുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് അയച്ച കത്തുകൾ അവഗണിക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ യു.ജി.സി ചട്ടപ്രകാരം കമ്മിറ്റി രൂപീകരിച്ച് വി.സി നിയമനങ്ങൾ നടത്താൻ ചാൻസിലർമാരായ ഗവർണർക്കും, ചീഫ് ജസ്റ്റിസിനും നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ചാൻസലർ കൂടിയായ ഗവർണർ, ചീഫ് ജസ്റ്റിസ്, കേരള സർക്കാർ, യു.ജി.സി,എ. ഐ.സി. ടി.ഇ, ബാർ കൗൺസിൽ, യൂണിവേഴ്സിറ്റി രജിസ്ട്രാർമാർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.