വി.സി നിയമനം: ഗവർണറുടെ തലയിലിട്ട് തടിയൂരി സർക്കാർ
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പ്രഫ. ഗോപിനാഥ് രവീന്ദ്രൻ മടങ്ങിയതിന്റെ പാപഭാരം ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ ചുമലിലിട്ട് തടിതപ്പാൻ സർക്കാർ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വെള്ളിയാഴ്ച മാധ്യമങ്ങൾക്കുമുന്നിൽ ഈ നിലപാടാണ് ഊന്നിപ്പറഞ്ഞത്. വി.സിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത് സർക്കാറിന് തിരിച്ചടിയല്ല. കാരണം, വി.സിയുടെ നിയമന ഉത്തരവിൽ ഒപ്പിട്ടത് ഗവർണറാണ്. ബാഹ്യ ഇടപെടലുണ്ടായെങ്കിൽ അതിന് വഴങ്ങിയ ഗവർണർ തന്നെയാണ് ഉത്തരവാദി. ഇതാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുന്നോട്ടുവെക്കുന്ന വാദം.
മുഖ്യമന്ത്രി നേരിട്ട് കണ്ടും വകുപ്പുമന്ത്രി കത്ത് നൽകിയും തന്നിൽ സമ്മർദം ചെലുത്തി ഒപ്പിടുവിച്ചെന്നാണ് ഗവർണർ പറഞ്ഞത്. മാധ്യമങ്ങൾക്കുമുന്നിൽ പലകുറി പറഞ്ഞ ഇക്കാര്യം കോടതിയിലും ഏറ്റുപറഞ്ഞു. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിനെതിരായ മറ്റെല്ലാ വാദങ്ങളും തള്ളിയ സുപ്രീംകോടതി പക്ഷേ, സർക്കാറിന്റെ സമ്മർദത്തിന് വഴങ്ങേണ്ടിവന്നെന്ന ഗവർണറുടെ ഏറ്റുപറച്ചിൽ ഗൗരവത്തിലെടുത്തു. വി.സിയുടെ നിയമനം റദ്ദാക്കുന്നതിന് കാരണമായി സുപ്രീംകോടതി പറഞ്ഞത് അക്കാര്യമാണ്.
സർക്കാറിനെയല്ല, ഗവർണറെയാണ് സുപ്രീംകോടതി വിമർശിച്ചതെന്നാണ് ഭരണപക്ഷം മുന്നോട്ടുവെക്കുന്ന ന്യായം. എന്നാൽ, സുപ്രീംകോടതി കുറ്റകരമെന്ന് കണ്ടെത്തിയ ബാഹ്യഇടപെടലുണ്ടായത് മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെ ഭാഗത്തുനിന്നാണെന്ന് ഗവർണർ വെളിപ്പെടുത്തുമ്പോൾ ധാർമിക ഉത്തരവാദിത്തത്തിൽനിന്ന് സർക്കാറിന് ഒഴിയാനാകില്ല. മുഖ്യമന്ത്രി നേരിട്ട് കണ്ട് തന്റെ നാട്ടുകാരനെന്നു പറഞ്ഞ് ഗോപിനാഥ് രവീന്ദ്രന് വേണ്ടി സമ്മർദം ചെലുത്തിയെന്നാണ് ഗവർണറുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി അത് നിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിന് തെളിവുമില്ല. എന്നാൽ, സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ വകുപ്പുമന്ത്രി ആർ. ബിന്ദു നൽകിയ കത്ത് സർക്കാർ സമ്മർദത്തിന് തെളിവായി മുന്നിലുണ്ട്.
പ്രോ-വി.സിയെന്ന നിലക്ക് മന്ത്രിക്ക് ഇത്തരമൊരു കത്തെഴുതാൻ അവകാശമില്ലെന്ന് സുപ്രീംകോടതി വിധിയിൽ എടുത്തുപറയുന്നുണ്ട്. വി.സിയുടെ അഭാവത്തിലല്ലാതെ ഒരു അധികാരവും പ്രോ വി.സിയായ മന്ത്രിക്കില്ല. മന്ത്രി ഒരഭിപ്രായം പറയുകയാണുണ്ടായതെന്നാണ് ആർ. ബിന്ദുവിന്റെ കത്തിനെക്കുറിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി. വ്യക്തമായ നിയമലംഘനമെന്ന് സുപ്രീംകോടതി കണ്ടെത്തിയ മന്ത്രിയുടെ കത്ത് കേവലം അഭിപ്രായപ്രകടനം മാത്രമെന്ന നിസ്സാരവത്കരണത്തിന് നിലനിൽപില്ല. രാഷ്ട്രീയനേതൃത്വത്തിന് വഴങ്ങിയ ഗവർണർക്ക് പരമോന്നത കോടതിയിൽനിന്ന് കിട്ടിയ പ്രഹരത്തിന്റെ പങ്ക് സംസ്ഥാന സർക്കാറിനുകൂടിയുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.