പി.എസ്.സി വഴി വഖഫ് ബോർഡ് നിയമനം: ഫലം മുസ്ലിം വിഭാഗത്തിന് തസ്തിക നഷ്ടം
text_fieldsതിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സർക്കാർ നിയമനങ്ങളിൽ മുസ്ലിം വിഭാഗത്തിന് തസ്തിക നഷ്ടത്തിന് വഴിവെച്ചേക്കും. വഖഫ് ബോർഡ് നിയമനങ്ങൾക്കനുസൃതമായി മറ്റ് സർക്കാർ വകുപ്പുകളിലെ തസ്തികകളിലാണ് കുറവ് വരിക.
വിവിധ വകുപ്പുകളിലെ സമാന തസ്തികകളിലേക്ക് ഒറ്റ വിജ്ഞാപനമിറക്കി റാങ്ക് പട്ടിക തയാറാക്കി നിയമിക്കുന്നതാണ് പി.എസ്.സി രീതി. മറ്റ് സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും സമാന യോഗ്യതയുള്ള തസ്തികകൾക്കൊപ്പമാകും വഖഫ് ബോർഡിലേക്കും നിയമനം. ഇതിൽ മുസ്ലിം സംവരണം ഉൾപ്പെടെ പ്രാതിനിധ്യക്കണക്കിൽ വഖഫ് ബോർഡ് നിയമനങ്ങളും പി.എസ്.സിക്ക് പരിഗണിക്കേണ്ടിവരും.
വിവിധ വകുപ്പുകളിലെ തസ്തികകളിലേക്ക് തയാറാക്കുന്ന പൊതുറാങ്ക് പട്ടികയിൽനിന്ന് വഖഫ് ബോർഡിലേക്ക് നടത്തുന്ന മുസ്ലിം ഉദ്യോഗാർഥികളുടെ നിയമനങ്ങൾ സംവരണ വിഹിതത്തിൽ പി.എസ്.സിക്ക് ഉൾപ്പെടുത്തേണ്ടിവരും. ഇതോടെ, ഇതേ പട്ടികയിൽനിന്ന് മറ്റ് വകുപ്പുകളിൽ മുസ്ലിം സമുദായത്തിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് ലഭിക്കേണ്ട പ്രാതിനിധ്യം കുറയും. നിലവിൽ വഖഫ് ബോർഡിലെ നിയമനം മുസ്ലിം സമുദായത്തിൽനിന്നുള്ളവർക്കാണ്. സർക്കാർ പാസാക്കിയ ബിൽ പ്രകാരവും ഇത് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
എന്നാൽ, വഖഫ് ബോർഡിലേക്ക് പി.എസ്.സി വഴി നിയമനം നടത്തുന്ന എണ്ണം തസ്തികകൾ മറ്റ് വകുപ്പുകളിൽ മുസ്ലിം ഉദ്യോഗാർഥികൾക്ക് കുറയുമെന്നാണ് ആശങ്ക. ഇത് പരിഹരിക്കാൻ വഖഫ് ബോർഡിലെ തസ്തികകളിലേക്ക് പി.എസ്.സി പ്രത്യേകം വിജ്ഞാപനം നടത്തണം.
പരീക്ഷകളുടെ ആധിക്യം കാരണം ഒറ്റ പരീക്ഷ നടത്തി റാങ്ക് പട്ടിക തയാറാക്കുന്നതാണ് നിലവിലുള്ള പി.എസ്.സി രീതി. പി.എസ്.സി പട്ടികയിൽനിന്ന് വഖഫ് ബോർഡിൽ നിയമിക്കപ്പെടുന്നവർക്ക് പരിമിതമായ ഉദ്യോഗക്കയറ്റ സാധ്യതേയയുള്ളൂ. എന്നാൽ, ഇതേ പട്ടികയിൽനിന്ന് സർക്കാർ വകുപ്പുകളിൽ നിയമനം നേടുന്നവർക്ക് ഉയർന്ന ഉദ്യോഗക്കയറ്റ സാധ്യതയുണ്ട്. നിയമനം പി.എസ്.സി വഴിയാക്കുന്നതിലുള്ള വിശ്വാസ, നിയമപ്രശ്നങ്ങൾക്കൊപ്പം നിയമന നഷ്ടത്തിനും സർക്കാർ തീരുമാനം വഴിവെക്കുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.