അന്തിമ പട്ടികക്കുമുമ്പേ നിയമന ഉത്തരവ്: വിശദീകരണം തേടി
text_fieldsകൊച്ചി: നിയമനത്തിനുള്ളവരുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും മുമ്പേ ഉദ്യോഗാർഥിക്ക് നിയമന ഉത്തരവ് നൽകിയതുസംബന്ധിച്ച് ഹൈകോടതി കാസർകോട്ടെ കേന്ദ്ര സർവകലാശാലയോട് വിശദീകരണം തേടി. അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഏഴുദിവസം മുമ്പ് കാസർകോട് പരപ്പ സ്വദേശി കെ. സുജിത്തിന് പി.ആർ.ഒ തസ്തികയിലേക്ക് നിയമന ഉത്തരവ് നൽകിയ നടപടി ചോദ്യം ചെയ്ത് ഉദ്യോഗാർഥിയായ മലപ്പുറം അരിയല്ലൂർ സ്വദേശിനി അനുപമ മിലി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
2019 ജൂൺ 10ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരുടെ അഭിമുഖം നടന്നത് നവംബർ 24നാണ്. ഡിസംബർ 24ന് നിയമനത്തിനുള്ള അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. അതേസമയം, സുജിത്തിന് നിയമന ഉത്തരവ് നൽകിയിരിക്കുന്നത് ഇതിന് ഒരാഴ്ച മുമ്പ് 17നാണ്.
ഡിസംബർ 28ന് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതെങ്ങനെ സാധ്യമായെന്നതിന് വ്യക്തമായ മറുപടി അധികൃതർക്ക് നൽകാനായിട്ടില്ലെന്ന് കോടതി പറഞ്ഞു. സർവകലാശാല സമർപ്പിച്ച സത്യവാങ്മൂലത്തിലും ഇതുസംബന്ധിച്ച വിശദീകരണമില്ല. തുടർന്ന്, 10 ദിവസത്തിനകം വിശദീകരണം നൽകാൻ രജിസ്ട്രാർക്ക് നിർദേശം നൽകുകയായിരുന്നു. ഹരജി വീണ്ടും ഫെബ്രുവരി ഒന്നിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.