ഒടുവിൽ പ്രധാനാധ്യാപക നിയമന ഉത്തരവിറങ്ങി; 209 പേർക്ക് പ്രധാനാധ്യാപകരായും 13 പേർക്ക് എ.ഇ.ഒമാരായും നിയമനം
text_fieldsകൽപറ്റ: ഒഴിവുള്ള തസ്തികകളിൽ പ്രധാന അധ്യാപകരെ നിയമിച്ച് വിദ്യാഭ്യാസ വകുപ്പ് ഒടുവിൽ വിജ്ഞാപനമിറക്കി. 209 പേരെയാണ് സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയിലൂടെ നിയമിച്ചത്. കൂടാതെ 13 എ.ഇ.ഒമാരെയും നിയമിച്ചിട്ടുണ്ട്. സാധാരണ അധ്യയനവർഷം തുടങ്ങുന്നതിനു മുമ്പേ എച്ച്.എം തസ്തികകൾ നികത്തി ഉത്തരവിറങ്ങാറുണ്ടായിരുന്നെങ്കിലും ഇത്തവണ ഓണാവധി കഴിഞ്ഞിട്ടും നിയമനം നടത്തിയില്ല. ഇതു സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ചൊവ്വാഴ്ചയാണ് ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെയും ഹൈസ്കൂൾ പ്രധാന അധ്യാപകരുടേയും തസ്തികയിലേക്ക് 222 പേരെ നിയമിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഉത്തരവിറക്കിയത്. സ്കൂൾ തുറന്ന് അഞ്ചു മാസം പിന്നിട്ടിട്ടും 1229 ഹൈസ്കൂളുകളുള്ള സംസ്ഥാനത്ത് 20 ശതമാനത്തോളം വിദ്യാലയങ്ങളിലും പ്രധാന അധ്യാപകരില്ലാത്തത് ദൈനംദിന പ്രവർത്തനങ്ങളെ ഉൾപ്പെടെ ബാധിച്ചിരുന്നു. തിരുവനന്തപുരം ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രധാന അധ്യാപകരുടെ ഒഴിവുകൾ നികത്തിയിരുന്നില്ല.
ഓണാവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നിട്ടും നിയമന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കാത്തതിനെതിരെ അധ്യാപക സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ഥാപന മേധാവികളായി സ്ഥാനക്കയറ്റത്തിന് അര്‍ഹരായ അധ്യാപകരെ അതത് അക്കാദമിക വര്‍ഷത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ കണ്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍, മേയ് മാസങ്ങളില്‍ നിയമിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.
ജൂണ്‍ മാസം സ്കൂള്‍ തുറക്കുന്നതിനു മുമ്പേ പുതിയ പ്രധാനാധ്യാപകന്റെ മേല്‍നോട്ടത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും സ്കൂൾ പ്രവേശനോത്സവമടക്കം നടത്താനുമാണ് വേനലവധിക്കാലത്തുതന്നെ നിയമനം പൂര്‍ത്തിയാക്കുന്നത്. എം.എ. ഖാദര്‍ ചെയര്‍മാനായ മികവിനായുള്ള സ്കൂള്‍ വിദ്യാഭ്യാസം വിദഗ്ധസമിതി റിപ്പോര്‍ട്ടിലും ഇക്കാര്യം നിർദേശിച്ചിരുന്നു. അതത് ജില്ല വിദ്യാഭ്യാസ ഓഫിസർമാർ നൽകുന്ന പ്രമോഷൻ ലിസ്റ്റ് ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷൻ (ഡി.ജി.ഇ) പരിശോധിച്ച ശേഷം പ്രമോഷൻ കമ്മിറ്റിയാണ് അവസാന അംഗീകാരം നൽകേണ്ടത്. കഴിഞ്ഞ ജൂൺ 15ന് പ്രധാന അധ്യാപകരുടെ ട്രാൻസ്ഫർ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും പ്രമോഷൻ നടപടികൾ പൂർത്തിയാക്കി ഒഴിവുകൾ നികത്താനുള്ള നടപടി ഉണ്ടായില്ല. സംസ്ഥാനത്തെ എല്ലാ ഉപജില്ലകളിലും ഇപ്പോൾ ശാസ്ത്രമേളകളും കായിക മേളകളും നടന്നുവരുകയാണ്.
സ്കൂളുകളിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെ ക്ലാസ് തല പരിശോധനയടക്കമുള്ള സ്കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര പ്രവര്‍ത്തനങ്ങള്‍, അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ സേവന-വേതന കാര്യങ്ങൾ എന്നിവക്കെല്ലാം സ്കൂൾ മേധാവിയുടെ സാന്നിധ്യം അത്യാവശ്യമാണ്. ആദ്യമായാണ് സ്ഥാപന മേധാവിയുടെ കസേരകള്‍ ഇത്രയധികം ഒഴിഞ്ഞുകിടന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.