നിയമനതട്ടിപ്പിൽ ഉന്നത ഇടപെടലെന്ന് സംശയം; മന്ത്രിമാരുടെ പേരുകളും സരിത ഉപയോഗിച്ചു
text_fieldsതിരുവനന്തപുരം: ബിവറേജസ് േകാർപറേഷനിൽ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ ഉന്നത ഇടപെടലുണ്ടായെന്ന സംശയം ശക്തം. പല വകുപ്പിലെ ഉന്നതർക്ക് പുറമെ, മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉപയോഗിച്ചാണ് തട്ടിപ്പുനടത്തിയത്. നിയമനത്തിനുള്ള മന്ത്രിയുടെ ശിപാർശക്കത്തുൾപ്പെടെ കാണിച്ചാണ് പലരിൽനിന്നും പണം വാങ്ങിയത്. പലർക്കും പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഒത്തുതീർപ്പ് നീക്കങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ്. പ്രധാനമായും കെ.ടി.ഡി.സി, ദേവസ്വംബോർഡ്, ബിവറേജസ് കോർപറേഷൻ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. അതിനിടെ, തട്ടിപ്പിൽ സരിതാ നായർ ഇടപെട്ടതിെൻറ കൂടുതൽ തെളിവുകൾ പുറത്തു വന്നു. പരാതിക്കാർ നൽകിയ മൊഴിയിലെ ഫോൺ ഇപ്പോഴും സരിതതന്നെയാണ് ഉപയോഗിക്കുന്നത്. പണം നഷ്ടമായ രണ്ടുപേർ മാത്രമാണ് പരാതിയുമായി ഇതുവരെ നെയ്യാറ്റിൻകര പൊലീസിനെ സമീപിച്ചത്.
പണം തിരികെ നൽകാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടർന്നാണ് കേസ് നൽകിയതെന്നാണ് നെയ്യാറ്റിൻകര സ്വദേശികള്‍ പൊലീസിന് നൽകിയ മൊഴി. പക്ഷേ, പലരെയും പരാതി നൽകുന്നതിൽനിന്നും തടയുന്നതിനായി ഇടനിലക്കാർ സജീവമാണ്. ഇതിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമുണ്ട്. നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ വ്യക്തി ഒരു ഭരണപക്ഷ പാർട്ടി പ്രതിനിധിയാണ്. സരിതതന്നെയാണ് പലരെയും വിളിച്ച് ജോലി വാഗ്ദാനം ചെയ്തതെന്നാണ് വിവരം. സരിതയുടെ സഹായിയായ വിളവൂർക്കൽ സ്വദേശി വിനുവിെൻറ പേരിൽ ചാലയിലെ ഒരു കടയിൽനിന്നുമെടുത്ത ഫോണ്‍ നമ്പറിൽനിന്നാണ് സരിത ഉദ്യോഗാർഥികളുമായി സംസാരിച്ചിരുന്നത്.
മറ്റൊരു നമ്പറിൽനിന്നും സരിത വിളിച്ചതായും പരാതിക്കാരുടെ മൊഴിയിലുണ്ട്. ഈ ഫോണ്‍ സംഭാഷണങ്ങള്‍ പരാതിക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിനിടെയാണ് ഒരു അഭിഭാഷകൻ മുഖേനയും പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ മുഖേനയും കേസ് പിൻവലിക്കാൻ പരാതിക്കാർക്കുമേൽ സമ്മർദം ചെലുത്തുന്നത്. പണം നൽകിയ കേസ് ഒത്തുതീർപ്പായാലും സർക്കാർ സ്ഥാപനങ്ങളുടെ വ്യാജരേഖയുണ്ടാക്കിയ കേസ് പൊലീസിന് പിൻവലിക്കാകാനില്ല. വ്യാജരേഖകളാണെങ്കിൽ ഇവ നിർമിച്ചതെവിടെെയന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടിവരും. മുമ്പ് സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജകത്ത് നിർമിച്ചത് ഏറെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.