സിസ തോമസിന്റെ നിയമനം; സർക്കാറിന് ഇരട്ട പ്രഹരം
text_fieldsതിരുവനന്തപുരം: സർക്കാർ പാനൽ തള്ളിയതിന് പുറമെ, ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസ തോമസിന് ഗവർണർ താൽക്കാലിക വി.സിയായി നിയമനം നൽകിയത് സർക്കാറിന് ഇരട്ട പ്രഹരമായി. നേരത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയന്റ് ഡയറക്ടർ പദവിയിലിരിക്കെ, ഡോ. സിസക്ക് ഗവർണർ സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല നൽകിയിരുന്നു. സർക്കാർ പാനൽ തള്ളിയായിരുന്നു അന്നും നിയമനം.
സർക്കാർ അനുമതിയില്ലാതെ വി.സി ചുമതല ഏറ്റെടുത്തെന്ന് ചൂണ്ടിക്കാട്ടി സിസക്കെതിരെ സർക്കാർ പ്രതികാര നടപടികൾ ആരംഭിച്ചിരുന്നു. സർവിസിൽ നിന്ന് വിരമിച്ചെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു. ഇതിനെതിരെ സിസ ഹൈകോടതിയെ സമീപിക്കുകയും പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയും ഹൈകോടതി വിധി ശരിവെച്ചതിന് പിന്നാലെ, സർക്കാർ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ്.
സാങ്കേതിക സർവകലാശാലയിൽ വി.സിയായിരിക്കെ സിസയെ നിയന്ത്രിക്കാൻ ഉപസമിതി രൂപവത്കരിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഗവർണർ ഇടപെട്ടാണ് ഈ തീരുമാനം തടഞ്ഞത്. എന്നാൽ, സർവകലാശാല രേഖകൾ തിരിച്ചേൽപിച്ചില്ലെന്ന കാരണം നിരത്തി വിരമിച്ച ശേഷം സിസക്കെതിരെ പൊലീസ് കേസുൾപ്പെടെ നടപടികൾക്ക് സിൻഡിക്കേറ്റ് നീക്കം തുടങ്ങിയത് വിവാദമായിരുന്നു. ഇതിനിടെയാണ് സിസ തോമസിന് വീണ്ടും ഡിജിറ്റൽ സർവകലാശാല വി.സിയുടെ ചുമതല നൽകി ഗവർണർ ഉത്തരവിട്ടത്.
അതേസമയം, ബി.ജെ.പി താൽപര്യപ്രകാരമാണ് ഡോ. ശിവപ്രസാദിന് സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല നൽകിയത്. ആരോഗ്യ സർവകലാശാലയിൽ ഡോ. മോഹനൻ കുന്നുമ്മലിന് വി.സിയായി പുനർനിയമനം നൽകിയതും ബി.ജെ.പി താൽപര്യത്തിലായിരുന്നു. ഇദ്ദേഹത്തിന് കേരള സർവകലാശാല വി.സിയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ് തുടങ്ങിയ സർവകലാശാലകളിലെല്ലാം സർക്കാർ നിർദേശം അവഗണിച്ചാണ് ഗവർണർ താൽക്കാലിക വി.സി നിയമനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.