പി.എസ്.സി വഴി നിയമനം: പൊതുമേഖലാ സ്ഥാപനങ്ങളിൽ ചട്ടമുണ്ടാക്കാൻ ടാസ്ക് ഫോഴ്സ്
text_fieldsതിരുവനന്തപുരം: നിയമനം പി.എസ്.സിക്ക് വിട്ടിട്ടും സ്പെഷൽ റൂൾ ഉണ്ടാക്കാതെ നടപടികൾ വൈകിക്കുന്ന സാഹചര്യത്തിൽ സെക്രട്ടറിമാർ അടങ്ങുന്ന ടാസ്ക് ഫോഴ്സിനെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബോർഡുകളിലെയും കോർപറേഷനുകളിലെയും നിയമനം പി.എസ്.സിക്ക് വിട്ടിട്ടും വിശേഷാൽ ചട്ടങ്ങളും റിക്രൂട്ട്മെൻറ് ചട്ടങ്ങളും ഉണ്ടാക്കിയിരുന്നില്ല.
15ഉം 20ഉം വർഷമായിട്ടും സ്പെഷൽ റൂൾ ഉണ്ടാക്കാത്ത സ്ഥാപനങ്ങളുണ്ട്. ഏതാനും മാസം മുമ്പ് ചീഫ് സെക്രട്ടറി കർശന നിർദേശം നൽകിയിരുന്നു. നിയമസഭസമിതിയുടെ വിമർശനത്തെ തുടർന്നായിരുന്നു ഇത്. എന്നിട്ടും പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നവംബർ 30നകം നടപടി പൂർത്തിയാക്കാൻ ടാസ്ക് ഫോഴ്സിനെ നിയമിച്ചത്.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ്, ധന അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ്കുമാർ സിങ്, ആസൂത്രണ-സാമ്പത്തിക കാര്യ അഡീഷനൽ ചീഫ് സെക്രട്ടറി േഡാ. വി. വേണു, നിയമവകുപ്പ് സെക്രട്ടറി പി.കെ. അരവിന്ദ ബാബു എന്നിവരാണ് ടാക്സ് ഫോഴ്സിൽ.
ചട്ടങ്ങളുടെ രൂപവത്കരണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. സമയബന്ധിതമായി നടപടി പൂർത്തിയാക്കണം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ചൊവ്വാഴ്ച ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.