താൽക്കാലിക അധ്യാപക നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയില്ല
text_fieldsതിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ താൽക്കാലിക-കരാർ നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. സർക്കാർ സ്കൂളുകളിലെ അധ്യാപക ഒഴിവുകളുടെ കൃത്യമായ എണ്ണം സ്റ്റാഫ് ഫിക്സേഷൻ പൂർത്തിയാക്കിയ ശേഷമേ കണക്കാക്കാൻ കഴിയൂ. സർക്കാർ സ്കൂളുകളിൽ സ്റ്റാഫ് ഫിക്സേഷൻ ആരംഭിക്കുന്നത് എയ്ഡഡ് സ്കൂളുകളിൽ പൂർത്തിയാക്കിയ ശേഷമാണ്.
സ്വാഭാവികമായും സർക്കാർ സ്കൂളുകളിലെ തസ്തികനിർണയം ആഗസ്റ്റ്, സെപ്റ്റംബർ മാസത്തിനു മുമ്പ് കണക്കാക്കാൻ കഴിയില്ല. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്താലും നിയമനത്തിന് കാലതാമസമെടുക്കും. ഇങ്ങനെ നിയമിക്കപ്പെടുന്ന എല്ലാ ഉദ്യോഗാർഥികളും ജോലിക്ക് എത്തണമെന്നുമില്ല. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ പി.എസ്.സിയിൽനിന്നുള്ള നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് നേടിയശേഷം മാത്രമേ ചെയ്യാനാവൂ. ഇതടക്കം വിവിധ നടപടിക്രമങ്ങൾ മൂലമാണ് അധ്യയനം തടസ്സപ്പെടാതിരിക്കാൻ ദിവസവേതന നിയമനങ്ങൾക്ക് മുൻഗണന നൽകുന്നത്.
അധ്യയന ദിനങ്ങൾ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് അധ്യാപകർ കൂട്ട അവധിയെടുത്തതുമൂലം വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.