വിശ്വസ്ത സഹയാത്രികന് അംഗീകാരം
text_fieldsകോട്ടയം: ക്രൈസ്തവസമൂഹത്തിൽനിന്നൊരാൾ ബി.ജെ.പിയിൽ ചേരുന്നത് ആലോചിക്കാൻപോലും കഴിയാതിരുന്ന 1980 കളിലാണ് അഡ്വ. ജോർജ് കുര്യൻ വിദ്യാർഥി മോർച്ച ജില്ല പ്രസിഡന്റാവുന്നത്. അവിടന്നങ്ങോട്ട് പാർട്ടിയെ മുറുകെപ്പിടിച്ചുള്ള യാത്ര ആയിരുന്നു.
ദേശീയ ന്യൂനപക്ഷ കമീഷൻ വൈസ് ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യമലയാളി ആയതും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിലെത്തിയതും ആ വിശ്വസ്തതക്കുള്ള അംഗീകാരമായാണ്. ആ വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് പുതിയ നിയോഗം. മന്ത്രി പദവിക്കൊപ്പം രാജ്യസഭാംഗത്വവും പ്രതീക്ഷിക്കാം. മന്ത്രിയായി ചുമതലയേറ്റ് ആറ് മാസത്തിനകം പാർലമെന്റിന്റെ രണ്ട് സഭകളിൽ ഒന്നിൽ അംഗമാകണം.
1960ൽ ഏറ്റുമാനൂർ നമ്പ്യാകുളത്ത് പൊയ്ക്കാരൻകാലായിൽ കുര്യന്റെയും അന്നമ്മയുടെയും അഞ്ചുമക്കളിൽ ഇളയവനായാണ് ജനനം. പാലാ സെന്റ് തോമസ് കോളജിൽ ബിരുദാനന്തര പഠനം. എം.ജി സർവകലാശാലയുടെ സ്കൂൾ ഓഫ് ലീഗൽ തോട്ട്സിൽ നിന്ന് എൽ.എൽ.ബി പൂർത്തിയാക്കി. 1981ലാണ് വിദ്യാർഥി മോർച്ച ജില്ല പ്രസിഡന്റായി രാഷ്ട്രീയ നേതൃ ജീവിതം തുടങ്ങിയത്. യുവമോർച്ചയുടെ ജില്ല പ്രസിഡന്റ് മുതൽ ദേശീയ വൈസ് പ്രസിഡന്റ് വരെ പദവികൾ വഹിച്ചു.
1999-2010ൽ ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗമായതോടെ പ്രവർത്തനമണ്ഡലം ഡൽഹി ആയി. ഡൽഹി കോടതിയിൽ അഭിഭാഷകവൃത്തിയും തുടർന്നു. മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്നു. 2007ൽ ന്യൂനപക്ഷ മോർച്ച ഓൾ ഇന്ത്യ ജനറൽ സെക്രട്ടറിയായി. തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തിയ ജോർജ് കുര്യൻ 2010 ൽ സംസ്ഥാന വക്താവായി.
2015 ൽ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കേ ദേശീയ ന്യൂനപക്ഷ കമീഷൻ വൈസ് ചെയർമാനായി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് കേന്ദ്രമന്ത്രി പദവി വിളിക്കുന്നത്. കോട്ടയം, ഇടുക്കി പാർലമെന്റ് മണ്ഡലങ്ങളിലും 2016 ൽ ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും മത്സരിച്ചിട്ടുണ്ട്. ഭാര്യ ഒ.ടി. അന്നമ്മ കൊച്ചി നേവൽ ബേസിൽ ലഫ്റ്റനന്റ് കേണൽ ആയിരുന്നു. മക്കൾ: ആകാശ്, ആദർശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.