പട്ടികജാതി-വർഗ വിഭാഗത്തിലെ യോഗ്യരായ വിദ്യാർഥികൾക്ക് സഹകരണ സ്ഥാപനങ്ങളിൽ അപ്രന്റിഷിപ്പ്
text_fieldsതിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗത്തിലെ ജെ.ഡി.സി, എച്ച്.ഡി.സി പാസായ വിദ്യാർഥികൾക്ക് സഹകരണ സ്ഥാപനങ്ങളിൽ അപ്രന്റിഷിപ്പ് നൽകും. ഒരു വർഷം മുതൽ രണ്ടു വർഷം വരെ അപ്രന്റിഷിപ്പ് അനുവദിക്കുന്നതിനാണ് തീരുമാനം. പട്ടികജാതി-വർഗ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മന്ത്രിമാരായ വി.എൻ വാസവനും കെ രാധാകൃഷ്ണനും വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം എടുത്തത്.
കേരളത്തിലെ പട്ടികജാതി-വർഗ സഹകരണ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ട നടപടികളെടുക്കാൻ യോഗം തീരുമാനിച്ചു. പട്ടികജാതി-വർഗ സഹകരണ സംഘങ്ങളിലെ ബോർഡ് അംഗങ്ങൾക്ക് മൺവിളയിലെ പരിശീലന കേന്ദ്രത്തിൽ സ്‌കിൽ ഡവലപ്പ്‌മെൻറ്‌ട്രെയിനിങ്ങുകളും, സഹകരണ നിയമ പരിജ്ഞാന കോഴ്‌സും നടത്തും.
സംസ്ഥാനത്ത് ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുവാൻ പദ്ധതി തയാറാക്കും. സംഘങ്ങളിലെ സ്ഥിരം ജീവനക്കാരായ 306 പേരെ കോ-ഓപ്പറേറ്റീവ് വെൽഫെയർ ബോർഡിൽ അംഗത്വം നൽകും.
മലക്കപ്പാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോളയാർ പട്ടിക വർഗ സഹകരണ സംഘം പുനരുദ്ധരിക്കുന്നതിന് സഹകരണവകുപ്പും പട്ടിക ജാതി-വർഗ വകുപ്പും സംയുക്തമായി പദ്ധതി തയാറാക്കും. സഹകരണ എക്‌സ്‌പോയിൽ സംഘങ്ങൾക്കായി പ്രത്യേക സ്റ്റാൾ അനുവദിക്കുവാനും യോഗം തീരുമാനിച്ചു. പ്രവർത്തനങ്ങൾ എല്ലാം മോണിട്ടർ ചെയ്യുന്നതിന് രണ്ടുവകുപ്പിന്റെയും സംയുക്തമായ സംവിധാനം ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.