ഭൂപതിവ് നിയമഭേദഗതി നടപ്പ് സമ്മേളനത്തിൽ
text_fieldsതിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. കരട് നിയമഭേദഗതി തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. കൃഷിക്കും വീടുവെക്കാനുമായി പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് ക്രമപ്പെടുത്തുന്നതിനുള്ള അധികാരം സര്‍ക്കാറിന് നൽകുന്ന വിധമാണ് 1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുക.
പട്ടയം നൽകിയ ഭൂമി മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് പുതുതായി അപേക്ഷ സ്വീകരിച്ച് അനുമതി നൽകാനുള്ള അവകാശവും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാന്‍ നിയമഭേദഗതി ലക്ഷ്യമിടുന്നു.
അതേസമയം ഏതൊക്കെ കാര്യങ്ങള്‍ ക്രമപ്പെടുത്താനാകുമെന്നത് നിയമനിര്‍മാണത്തിനുശേഷം വരുന്ന ചട്ടഭേദഗതിയിലൂടെ മാത്രമേ വ്യക്തമാവൂ. ചട്ടമുണ്ടാക്കുന്നതിന് സര്‍ക്കാറിന് അധികാരം നൽകുന്നതിനുള്ള വ്യവസ്ഥകളും നിയമഭേദഗതിയില്‍ കൊണ്ടുവരും.
ഭൂപതിവ് ചട്ടങ്ങള്‍ (1964) ഭേദഗതി ചെയ്യുന്നതിന് മുന്നോടിയായി ഇടതുമുന്നണിയിലും മറ്റ് തലങ്ങളിലും ചര്‍ച്ചകള്‍ ആവശ്യമായി വരുമെന്നാണ് കരുതുന്നത്. പട്ടയഭൂമി കൃഷിക്കും വീടുവെക്കാനും പൊതുവായ വഴിക്കും മാത്രമാണ് ഉപയോഗിക്കാനാകുക. എന്നാല്‍, തലമുറകള്‍ കൈമാറിവന്ന ഭൂമിയില്‍ വന്ന മറ്റ് നിര്‍മാണങ്ങള്‍ നിയമപരമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കേണ്ടിവരും. ജീവിതോപാധിക്കായി നടത്തിയ 1500 ചതുരശ്ര അടിവരെയുള്ള നിര്‍മാണങ്ങളും കാര്‍ഷികാവശ്യത്തിന് അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമപ്പെടുത്തി നൽകുന്നതാണ് പരിഗണനയിലുള്ളത്.
നിശ്ചിത ഫീസ് ഈടാക്കി 1500 ചതുരശ്ര അടിക്ക് മുകളിലുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തുന്ന കാര്യം ചട്ട ഭേദഗതിയിലൂടെയാണ് വരുക. ജനുവരിയില്‍ 10 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് നിയമഭേദഗതിക്ക് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.