ഐ.ടി, ടൂറിസം കേന്ദ്രങ്ങളിൽ ബാർ; അടച്ചിട്ട മദ്യശാലകൾ പ്രീമിയമാക്കി തുറക്കും
text_fieldsതിരുവനന്തപുരം: ഐ.ടി പാർക്കുകളിലും ടൂറിസം മേഖലകളിലും ബാർ അനുവദിക്കാനും അടച്ചിട്ട മദ്യവിൽപനശാലകൾ തുറക്കാനും അനുമതി നൽകുന്ന പുതിയ മദ്യനയത്തിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. ധാന്യങ്ങള്‍ ഒഴികെയുള്ള തനത് കാര്‍ഷികോല്‍പന്നങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും നിർമിക്കാൻ അനുമതിയായി. യോഗ്യതയുള്ളവര്‍ക്ക് ബ്രൂവറി ലൈസന്‍സ് അനുവദിക്കും. എല്ലാമാസവും ഒന്നാംതീയതിയിലെ ഡ്രൈ ഡേ തുടരും.
ഐ.ടി പാര്‍ക്കുകളിൽ പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശന വ്യവസ്ഥകളോടെ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ഐ.ടി, ടൂറിസം മേഖലകളിൽ ലൈസന്‍സ് അനുവദിക്കേണ്ടത് ആവശ്യമാണെന്ന വിലയിരുത്തലിലാണിത്. വിനോദ സഞ്ചാര മേഖലകളിലും കൂടുതൽ മദ്യശാല അനുവദിക്കും. കള്ള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് രൂപവത്കരിക്കും. ബോര്‍ഡ് പൂർണമായി പ്രവര്‍ത്തന സജ്ജമാകാത്തതിനാല്‍ 2022-23ല്‍ കൂടി നിലവിലെ ലൈസന്‍സികള്‍ക്ക് അനുമതി നല്‍കും. കള്ളിെൻറ അന്തര്‍ജില്ല/റെയിഞ്ച് നീക്കം നിരീക്ഷിക്കുന്നതിന് ട്രാക്ക് ആൻഡ് ട്രേസ് സംവിധാനം ഏര്‍പ്പെടുത്തും.
തിരക്ക് കുറയ്ക്കുന്നതിന് കൂടുതല്‍ വിദേശമദ്യ വിൽപന ഷോപ്പുകള്‍ വാക് ഇൻ സംവിധാനത്തോടെ നവീകരിക്കും. കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും പൂട്ടിപ്പോയതുമായ ഷോപ്പുകളെ പ്രീമിയം ഷോപ്പുകളായി പുനഃരാരംഭിക്കും. ത്രീസ്റ്റാർ മുതല്‍ മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് അനുവദിച്ചാൽ മതിയെന്ന നിയന്ത്രണങ്ങൾ തുടരും.
നിലവിലുള്ള സ്ഥാപനങ്ങളിലെ മദ്യോൽപാദനം വർധിപ്പിക്കാൻ പുതിയ യൂനിറ്റ് ആരംഭിക്കും. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയവയിൽ നിന്നാകും ഇത് ഉൽപാദിപ്പിക്കുക. മദ്യ ഉൽപാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ (ബെവ്കോ) ആരംഭിക്കും. 2023-24 മുതല്‍ ഒരുതരത്തിലുമുള്ള പ്ലാസ്റ്റിക് നിർമിത കുപ്പികളിലും മദ്യ വിതരണം അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.