ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം
text_fieldsതിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. നിയമ വകുപ്പ് തയാറാക്കി സർക്കാറിന് കൈമാറിയ ഓർഡിനൻസിനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. മന്ത്രിമാർക്കും വിദ്യാഭ്യാസ വിദഗ്ധർക്കും ചാൻസലർ പദവിയിൽ എത്താമെന്നാണ് ഓർഡിനൻസ് നിർദേശം.
അതേസമയം, ഓർഡിനൻസിൽ ഗവർണറാണ് ഒപ്പിടേണ്ടത്. എന്നാൽ, സർക്കാറുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിൽ ഒപ്പിടാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ നിയമസഭ സമ്മേളനം വിളിക്കാനുള്ള നീക്കവും സർക്കാറിനുണ്ട്. ഡിസംബർ അഞ്ച് മുതൽ 15 വരെ സഭാസമ്മേളനം ചേർന്ന് ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബിൽ അവതരിപ്പിക്കാനാണ് ധാരണ.
നിയമസർവകലാശാല ഒഴികെ സംസ്ഥാനത്തെ 15 സർവകലാശാലകളുടെയും ചാൻസലർ ഗവർണറാണ്. ഓരോ സർവകലാശാലയുടെയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് സര്ക്കാര് ശ്രമം. ഗവർണർക്ക് പകരം ആര് ചാൻസലറാകും എന്നതിൽ ചർച്ച നടക്കുകയാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെകുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ശ്യാം ബി. മേനോൻ കമീഷന്റെയും എൻ.കെ. ജയകുമാർ കമീഷന്റെയും റിപ്പോർട്ടുകൾ സർക്കാറിന്റെ പരിഗണനയിലാണ്. ശ്യാം ബി. മേനോൻ റിപ്പോർട്ടിലെ ശിപാർശ അനുസരിച്ച് ഓരോ സർവകലാശാലക്കും പ്രത്യേകം ചാൻസലർ വേണം.
അക്കാദമിക് രംഗത്തെ വിദഗ്ധരെ ചാൻസലറാക്കണമെന്നാണ് ശിപാർശ. മുഖ്യമന്ത്രിയെ വിസിറ്റർ ആക്കണമെന്നുമുണ്ട്. ജയകുമാർ കമീഷൻ റിപ്പോർട്ടിൽ ചാൻസലർ ഗവർണർ തന്നെയാണെങ്കിലും അധികാരം വെട്ടിക്കുറക്കാനാണ് ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.