അംഗീകൃത തസ്തികകളും നിയമനവും: പുതിയ പ്രതിസന്ധിയിൽ കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ നിന്ന് 1099 ജീവനക്കാർ മേയ് 31ന് വിരമിക്കാനിരിക്കെ പുതിയ നിയമനങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം. 27,000 ൽ താഴെയായി ജീവനക്കാരുടെ എണ്ണം കുറയുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് യൂനിയനുകൾ ചൂണ്ടിക്കാട്ടുന്നത്.
35,936 ആയിരുന്ന അംഗീകൃത തസ്തികകളുടെ എണ്ണം റെഗുലേറ്ററി കമീഷൻ നിർദേശ പ്രകാരം 30,321 ആയി പുതുക്കി നിശ്ചയിക്കാമെന്ന റിപ്പോർട്ടാണ് കെ.എസ്.ഇ.ബി തയാറാക്കിയിട്ടുള്ളത്. എന്നാൽ, റെഗുലേറ്ററി കമീഷൻ നിർദേശിച്ച തസ്തികകളുടെ എണ്ണം 2009ലെ കണക്കുകൾ അനുസരിച്ചാണെന്നും അതിനു ശേഷം ഓഫിസുകളും കണക്ഷനുകളും ജോലി ഭാരവും വർധിച്ചതിനാൽ തസ്തികകൾ വർധിപ്പിക്കണമെന്നുമാണ് യൂനിയനുകളുടെ ആവശ്യം. തസ്തികകൾ നിശ്ചയിച്ച് കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് തീരുമാനമെടുക്കാത്തതിനാൽ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതും അവതാളത്തിലാണ്. ഓരോ വർഷവും ജീവനക്കാർ വിരമിക്കുമ്പോൾ അതിന് ആനുപാതികമായി നിയമനം നടക്കുന്നില്ല. ഇത് സ്ഥാപനത്തിന്റെ ദൈനംദിനപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
സബ് എൻജിനീയർ തസ്തികയിൽ അടുത്തിടെ നിയമനം നടന്നിരുന്നു. എന്നാൽ, അസി. എൻജിനീയർ തസ്തികയിൽ ആറ് ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. പുതിയ സി.എം.ഡി വന്നശേഷം ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവാമെന്ന അഭിപ്രായമാണ് ബോർഡിന്റെ തലപ്പത്തുള്ളവർക്ക്. ഇതിനിടെയാണ് കാറ്റഗറി തിരിച്ചുള്ള ജീവനക്കാരുടെ എണ്ണവും ‘പ്രൊപ്പോസ്ഡ് സ്ട്രെങ്ത്’ പട്ടികയും എച്ച്.ആർ വിഭാഗം തയാറാക്കിയത് പുറത്തുവന്നത്. ഓവർസിയർ (ഇലക്ട്രിക്കൽ), സീനിയർ അസിസ്റ്റന്റ്, ഇലക്ട്രിസിറ്റി വർക്കർ, ലൈൻമാൻ തുടങ്ങിയവയിലാണ് കൂടുതൽ തസ്തികകൾ കുറയുന്നതെന്ന് ഇതിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.