പ്ലസ് വണിന് അറബി എടുക്കാനാവാതെ ആയിരത്തിലധികം പേർ
text_fieldsപാലക്കാട്: പത്താംക്ലാസ് പൂർത്തിയാക്കിയ ആയിരത്തിലധികം വിദ്യാർഥികൾ പ്ലസ് വണ്ണിന് അറബി രണ്ടാം ഉപഭാഷയായി എടുക്കാനാവാതെ പ്രതിസന്ധിയിൽ. വിദ്യാഭ്യാസ വകുപ്പ് നിലപാടാണ് കാരണം. അറബി രണ്ടാം ഉപഭാഷയായി പഠിപ്പിക്കാൻ കഴിഞ്ഞ സർക്കാർ നൽകിയ അനുമതി പുതിയ സർക്കാർ റദ്ദാക്കിയതാണ് വിവിധ ജില്ലകളിലെ 20 സ്കൂളുകളിൽ അറബി പഠിക്കുന്ന കുട്ടികൾക്ക് തിരിച്ചടിയായത്. 2007ൽ തുടങ്ങിയ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് രണ്ട് ഉപഭാഷ തെരഞ്ഞെടുക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. അധ്യാപക തസ്തിക പരമാവധി കുറക്കുന്നതിെൻറ ഭാഗമായിരുന്നു ഇത്. ഇതിനാൽ കുട്ടികളുണ്ടായിട്ടും അറബിക്കിന് ഒാപ്ഷൻ നൽകാൻ ഇൗ വിദ്യാലയങ്ങൾക്കായില്ല. മലപ്പുറം ജില്ലയിൽ ഇൗ ഗണത്തിലുള്ള 17 സ്കൂളുകളുണ്ട്. ഇൗ വിദ്യാലയങ്ങളിൽ രണ്ടാം ഉപഭാഷയായി അറബിക് ഉൾപ്പെടെ ഏതുഭാഷയും തെരഞ്ഞെടുക്കാൻ 2015 സെപ്റ്റംബറിൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു.
സർക്കാറിന് സാമ്പത്തികഭാരമുണ്ടാക്കാതെ, പി.ടി.എ ഫണ്ടിൽ ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കാനായിരുന്നു അനുമതി. ചുരുങ്ങിയത് പത്ത് കുട്ടികളെങ്കിലും ഉപഭാഷ തെരഞ്ഞെടുത്തവരായി ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. ഇതുപ്രകാരം രണ്ട് വർഷം കുട്ടികൾ അറബിക് എടുത്ത് പഠിച്ചെങ്കിലും 2016ൽ ഉത്തരവ് അസാധുവാക്കി. രണ്ടാം ഉപഭാഷ അനധികൃതമായി എടുക്കരുതെന്നും ഇത്തരം പ്രവണത തുടർന്നാൽ ബന്ധപ്പെട്ട പ്രിൻസിപ്പലിനെതിരെ നടപടി ഉണ്ടാവുമെന്നും വിദ്യാഭ്യാസ ഡയറക്ടർ ജൂലൈ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കിയതിനാൽ കഴിഞ്ഞവർഷം ഇൗ സ്കൂളുകളിൽ അറബി പഠിപ്പിക്കാൻ അനുമതി നൽകി. തുടർവർഷങ്ങളിൽ ഇതനുവദിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇതോടെ ഇൗവർഷം പത്താംക്ലാസ് വരെ അറബി ഒന്നാം ഭാഷയായി പഠിച്ചവർക്ക് പ്ലസ് വണിന് രണ്ടാം ഉപഭാഷയായി അറബിക് എടുക്കാൻ കഴിയില്ലെന്ന് ഉറപ്പായി. ഇവർക്ക് ഹിന്ദിേയാ മലയാളമോ എടുത്ത് പഠിക്കേണ്ടിവരും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പാലക്കാട് ഗവ. മോയൻസ് സ്കൂളിലും ഇൗ പ്രശ്നമുണ്ട്. അറബിക് പഠിക്കാൻ താൽപര്യമുള്ള കുട്ടികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമീഷനും നിവേദനം നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.