ആറുവർഷത്തിനിടെ മലയോരങ്ങളിൽ കാട്ടുമൃഗങ്ങളാൽ പൊലിഞ്ഞത് പത്തോളം ജീവനുകൾ; സംരക്ഷണം മൃഗങ്ങൾക്ക് മാത്രമോ...?
text_fieldsകണ്ണൂർ: പേരാവൂർ മണ്ഡലത്തിലെ ആറളം ഫാം ഉൾപ്പെടുന്ന മലയോര മേഖലകളിൽ നിന്നും കഴിഞ്ഞ ആറു വർഷത്തിനിടെ കാട്ടുമൃഗങ്ങളാൽ പൊലിഞ്ഞത് പത്തോളം ജീവനുകൾ. വന്യ ജീവികളിൽ നിന്നും സംരക്ഷണം നൽകുമെന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപനം വെറും പാഴ്വാക്കാകുന്നിതിെൻറ നേർക്കാഴ്ച്ചയാണ് മലയോരങ്ങളിൽ. കാടുവിട്ട് നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾക്ക് മാത്രം സംരക്ഷണം നൽകുേമ്പാൾ മനുഷ്യജീവനുകൾക്ക് വിലയില്ലാതാവുന്ന കാഴ്ചകളാണ്.
ശാശ്വതമായ യാതൊരു നടപടിയും ഇല്ലാതെ ഓരോ ജീവൻ പൊലിയുമ്പോഴും അധികൃതർ നടപ്പാക്കാത്ത വാഗ്ദാനങ്ങൾ നൽകി പ്രതിഷേധം തണുപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. രണ്ട് വർഷം മുമ്പ് ദേവു എന്ന ആദിവാസി വയോധികയെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ വൻ പ്രതിഷേധമാണ് ഉടലെടുത്തത്. അന്ന് പ്രതിഷേധം തണുപ്പിക്കാൻ നൽകിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറി .
ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രമാക്കി മാറ്റിയതിന് ശേഷം 2014 ഏപ്രിലിൽ ചോമാനിയിൽ മാധവി എന്ന ആദിവാസിയിൽ നിന്നായിരുന്നു തുടക്കം. പിന്നീട് 2016 ൽ ബാലൻ, 2017 മാർച്ച് ഏഴിന് അമ്മിണി എന്നിവരും കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടു. അമ്മിണിയുടെ മരണം കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ ഏപ്രിൽ ആറിന് ഫാമിലെ കൈതച്ചക്ക കൃഷിയുടെ വാച്ചർ ആയിരുന്ന എടപ്പുഴ സ്വദേശി റജി എബ്രഹാം ഫാമിനകത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു.
തുടർന്ന് കൃഷ്ണനും കാട്ടുകൊമ്പെൻറ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ഒടുവിൽ വീട്ടിൽ നിന്നും പള്ളിയിലേക്ക് ഭാര്യക്കൊപ്പം ഇറങ്ങിയ പെരിങ്കരിയിലെ ജസ്റ്റിനും കാട്ടാനയാൽ ജീവൻ നഷ്ടമായി. ഇവരെല്ലാം മരണം വരിച്ചത് തങ്ങളുടേതല്ലാത്ത കാരണത്താൽ ആണ്.
ആനകൾക്ക് പുറമേ 10 വർഷങ്ങൾക്ക് മുമ്പ് കാട്ടുപന്നിയുടെ അക്രമത്തിൽ ചീര എന്ന ഒരു ആദിവാസി സ്ത്രീ ഫാമിൽ മരണമടഞ്ഞിരുന്നു. ഫാമിന് പുറത്ത് ഇതേ വനമേഖല പങ്കിടുന്ന കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലും കാട്ടാന അക്രമത്തിൽ അടുത്തകാലത്ത് രണ്ടുപേർ മരിച്ചു. ഇതോടെ ഇതുവരെ പേരാവൂർ മണ്ഡലത്തിൽ കാട്ടാനകളുടെയും വന്യമൃഗങ്ങളുടേയും ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കോടികൾ മുടക്കിയുള്ള പ്രതിരോധ മാർഗങ്ങൾകൊണ്ട് ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥ.
ഇതിനൊപ്പം ചോര നീരാക്കി അധ്വാനിച്ച് ഉണ്ടാക്കിയ വിളകളും വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. കാട്ടാനകളും കാട്ടുപന്നികളും രാപ്പകലില്ലാതെ വിലസി നടക്കുന്ന മേഖലകളിൽ ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയാണ് മലയോര ജനതയ്ക്ക് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.