ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തീര്‍പ്പാക്കുന്നതിന് നടപടിയെടുക്കും- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ കുടിശ്ശികയായുള്ള ശമ്പളവും ആനുകൂല്യങ്ങളും തീര്‍പ്പാക്കുന്നതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
2023 ഏപ്രില്‍ - ജൂണ്‍, 2024 ഫെബ്രുവരി, മാര്‍ച്ച്, നവംബര്‍ മാസങ്ങളിലെ ശമ്പളം/കൂലി കുടിശ്ശികയാണ് തീര്‍പ്പാക്കാനുള്ളത്. പിരിഞ്ഞുപോയ 36 തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക, ഗ്രാറ്റുവിറ്റി, ഇപിഎഫ്, ഡിഎ കുടിശ്ശിക മുതലായവയും നല്‍കാനുണ്ട്.
വിളകളുടെ വൈവിധ്യവല്‍ക്കരണം, പുനഃകൃഷി, ഫാം ടൂറിസം മുതലായ പദ്ധതികളിലൂടെ വരുമാനദായക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം. വിദഗ്ധരുമായി കൂടിയാലോചിച്ച് അനുയോജ്യമായ വരുമാനദായക പ്രവര്‍ത്തനങ്ങളുടെ പട്ടിക തയാറാക്കി പ്രവര്‍ത്തന രൂപരേഖ വികസിപ്പിക്കണം.
ആന പ്രതിരോധ മതില്‍ നിര്‍മാണത്തിലെ മെല്ലെപ്പോക്ക് അനുവദിക്കാനാകില്ലെന്ന് കരാറുകാരെ ബോധ്യപ്പെടുത്തി നടപടികള്‍ സ്വീകരിക്കണം. ആനമതിലിന്‍റെ മാറിയ അലൈന്‍മെന്‍റിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണം സുഗമമാക്കുന്നതിന് മാറ്റേണ്ട മരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കണം. മതില്‍ നിര്‍മാണ പുരോഗതി പൊതുമാരമത്ത് മന്ത്രി വിലയിരുത്തണം.
ആറളം ഫാം എം ആര്‍ എസ് 2025-26 അക്കാദമിക വര്‍ഷം മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കണം. 2025 ജൂണില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയും വിധം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കണം. ഭൂമിക്ക് വേണ്ടി ലഭിച്ച 1330 അപേക്ഷകളില്‍ 303 പേരെ യോഗ്യരായി കണ്ടെത്തിയിട്ടുണ്ട് ഇവര്‍ക്ക് സമയബന്ധിതമായി ഭൂമി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രി ഒ.ആര്‍ കേളു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍, ധന വിനിയോഗ സ്പെഷൽ സെക്രട്ടറി കേശവേന്ദ്ര കുമാര്‍, പട്ടിക വര്‍ഗ ഡയറക്ടര്‍ രേണു രാജ്, കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍, ആറളം ഫാം എം.ഡി കാര്‍ത്തിക് പാണിഗ്രഹി തുടങ്ങിയവര്‍ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.