ആറളം പട്ടികവര്‍ഗ മേഖല: പഠനം പാതിവഴിയിൽ, പോക്സോ കേസുകൾ വർധിക്കുന്നു -വനിത കമീഷന്
text_fieldsആറളം: ആറളത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് വിദ്യാലയങ്ങളില്‍നിന്ന് കൊഴിഞ്ഞുപോകുന്നത് കൂടുതലാണെന്ന് വനിത കമീഷന് അധ്യക്ഷ പി. സതീദേവി. പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യമുണ്ടെങ്കിലും വീട്ടുകാര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് മടികാണിക്കുന്നുണ്ട്. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി ആറളം മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സതീദേവി.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതലമുറക്ക് ആവശ്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പദ്ധതി തയാറാക്കണം. കമീഷന്റെ സന്ദര്‍ശനത്തിലൂടെ കണ്ടെത്തിയിട്ടുള്ള പ്രശ്നങ്ങളും അവയുടെ പരിഹാര നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. ഊരുകളിലെ അന്തേവാസികള്‍ക്ക് ത്വക് രോഗങ്ങള്‍ കൂടുതലായുണ്ട്. മദ്യപാനവും പുകയില ഉപയോഗവുമായും ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കുണ്ട്. വ്യാജവാറ്റും വ്യാജമദ്യത്തിന്റെ ലഭ്യതയും ഇല്ലാതാക്കുന്നതിന് എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കണം. സ്ത്രീകള്‍ കൂടുതലായി പുകയില ഉപയോഗിക്കുന്നത് കമീഷനു തന്നെ നേരിട്ടു ബോധ്യമായി. ഇവിടെ ഡി അഡിക്ഷന് സെന്റര്‍ തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാറിന് ശിപാര്‍ശ നല്‍കും. ഇവിടെ പോക്സോ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പൊലീസില്‍നിന്ന് വിവരം ലഭിച്ചു. കോളനികളിലേക്ക് മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നതായും വിവരമുണ്ട്. ശാരീരിക ബന്ധം, അതിന്റെ നിയമപരമായ അവസ്ഥ എന്നിവയെ കുറിച്ച് ഈ മേഖലയിലെ കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും നല്ല ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണെന്നും പി. സതീദേവി പറഞ്ഞു. കമീഷന് അംഗങ്ങളായ ഇന്ദിരാ രവീന്ദ്രന്, പി. കുഞ്ഞായിഷ, വി.ആര്. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്, റിസര്‍ച്ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന എന്നിവരും സന്ദര്‍ശകസംഘത്തിൽ ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാര്‍ഡ് അംഗം മിനി ദിനേശന്, കെ.കെ. ജനാർദനന്, ടി.സി. ലക്ഷ്മി, പൊലീസ് ഇൻസ്പെക്ടർ രാജേഷ് അയോടന്‍, ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എല്‍.പി. പ്രദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.