ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
text_fieldsതിരുവനന്തപുരം: പൂവിലും ഇലയിലും വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അതേസമയം, പൂജക്ക് അരളിപ്പൂ ഉപയോഗിക്കാമെന്ന് ബോർഡ് വ്യക്തമാക്കി. നിവേദ്യ സമർപ്പണത്തിന് ഭക്തർ തുളസി, തെച്ചി, റോസാപ്പൂ എന്നിവയാണ് നൽകേണ്ടത്.
അരളിച്ചെടിയുടെ ഇലയിലും പൂവിലും കായയിലും മരണത്തിന് വരെ കാരണമാകുന്ന വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭക്തരും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിരുന്നു. തുടർന്നാണ് തീരുമാനം. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്. സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളിൽ അരളി ഉപയോഗിക്കുന്നത് നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചതിനു പിന്നാലെയാണ് അരളി വീണ്ടും ചർച്ചയായത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ട് ചവച്ചതുമൂലം വിഷബാധയേറ്റാണ് സൂര്യ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.