ആറന്മുളക്ക് വലത്തോട്ടാണ് ചായ്വ്, തുണച്ചത് ഇടതിനെ
text_fieldsജില്ലയുടെ രൂപവത്കരണത്തിന് കാരണക്കാരനായ കെ.കെ. നായർ കോൺഗ്രസുകാരനായും കോൺഗ്രസിനെ വെല്ലുവിളിച്ചും വിജയിച്ച് ഏറെക്കാലം നിയമസഭ അംഗമായ പഴയ പത്തനംതിട്ട മണ്ഡലത്തിെൻറ കൂടുതൽ ഭാഗങ്ങളും ഉൾക്കൊള്ളുന്നതാണ് നിലവിലെ ആറന്മുള മണ്ഡലം. ജില്ല കേന്ദ്രത്തിലെ പത്തനംതിട്ട നഗരസഭ കൂടാതെ കോഴഞ്ചേരി താലൂക്കിൽ ഒമ്പത് പഞ്ചായത്തുകളും തിരുവല്ല താലൂക്കിൽ മൂന്ന് പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്.
വലത്തോട്ടാണ് ചായ്വ് കുടുതൽ എങ്കിലും കവി കടമ്മനിട്ട രാമകൃഷ്ണനെ ഇറക്കി പഴയ സഹയാത്രികൻ എം.വി. രാഘവനെ സി.പി.എം വീഴ്ത്തിയ മണ്ഡലം. ഏറ്റവും ഒടുവിൽ ഓർത്തഡോക്സ് സഭക്ക് താൽപര്യമുള്ള മാധ്യമപ്രവർത്തക വീണാ ജോർജിനെ കളത്തിലിറക്കിയാണ് സി.പി.എം മണ്ഡലം പിടിെച്ചടുത്തത്. 57ൽ സി.പി.െഎക്കെതിരെ കോൺഗ്രസിെൻറ കെ. ഗോപിനാഥപിള്ളക്കായിരുന്നു ആദ്യ വിജയം. സി.പി.െഎ സ്ഥാനാർഥി മാറിയെങ്കിലും 60ലും ഗോപിനാഥപിള്ള വിജയിച്ചു. 65ൽ ചിത്രംമാറി. കേരള കോൺഗ്രസിെൻറ എൻ. ഭാസ്കരൻനായർ കോൺഗ്രസിെൻറ വേലായുധൻനായരെ തോൽപിച്ചു. 67ൽ എസ്.എസ്.പി യുടെ പി.എൻ. ചന്ദ്രസേനനും കോൺഗ്രസിെൻറ സ്ഥാനാർഥി കെ.വി. നായരെ തോൽപിച്ചു.
70ൽ ചന്ദ്രസേനൻ വിജയം ആവർത്തിച്ചപ്പോൾ കോൺഗ്രസ് മൂന്നാംസ്ഥാനത്തായി. 77ൽ എം.കെ. ഹേമചന്ദ്രനിലൂടെ ചന്ദ്രസേനനെ തോൽപിച്ച് കോൺഗ്രസ് പിടിച്ചെടുത്തു. 80ൽ കോൺഗ്രസ് യുവിെൻറ തോപ്പിൽ രവിയെ കോൺഗ്രസിെൻറ കെ.കെ. ശ്രീനിവാസൻ തോൽപിച്ചു. 82ലും 87ലും വീണ്ടും ശ്രീനിവാസൻ വിജയിച്ചു. 91ൽ എൻ.ഡി.പിയുടെ ആർ. രാമചന്ദ്രൻ നായർക്കായിരുന്നു വിജയം. 96ലാണ് ആറന്മുളയിൽ മത്സരിക്കാൻ എത്തിയ എം.വി. രാഘവനെ കടമ്മനിട്ടയെ ഇറക്കി സി.പി.എം നേരിട്ടത്. 2001ൽ പക്ഷേ, കടമ്മനിട്ടയെ കോന്നിയിലേക്ക് മാറ്റി സി.പി.എം നിർത്തിയ എ. പത്മകുമാർ മാലേത്ത് സരളാദേവിയോട് തോറ്റു.
2006ൽ കെ.സി. രാജഗോപാൽ മാലേത്തിനെ തോൽപിച്ചു. കോൺഗ്രസ് വിമതനാണ് സി.ഐ.ടി.യു നേതാവ് രാജഗോപാലിെൻറ വിജയം എളുപ്പമാക്കിയത്. 2011ൽ രാജഗോപാൽ ശിവദാസൻനായരോട് തോറ്റു മടങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശിവദാസൻനായർ വീണ്ടും രംഗത്തെത്തിയെങ്കിലും വീണാ ജോർജിെന ഇറക്കി സി.പി.എം തിരിച്ചുപിടിക്കുകയായിരുന്നു. രാഷ്ട്രീയം മാറ്റിവെച്ച് ഓർത്തഡോക്സുകാർ വീണക്കൊപ്പം നിന്നതാണ് ശിവദാസൻനായരുടെ പരാജയത്തിന് കാരണമായത്.
വീണ്ടും വീണ മത്സരത്തിനിറങ്ങിയാൽ ഈ സാഹചര്യത്തെ മറികടക്കാനുള്ള വഴികൾ കോൺഗ്രസ് കണ്ടെത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ ശിവദാസൻനായരോ, പി. മോഹൻരാജോ ആകും ലോക്സഭ തെരഞ്ഞെടുപ്പിലും തേദ്ദശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നിലെത്തിയ ആറന്മുളയിൽ വീണക്കെതിരെ പോര് നയിക്കുക. വികസന നേട്ടം ഏറെ പറയാനുള്ള വീണക്ക് മണ്ഡലം നിലനിർത്താൻ കഴിയുമെന്ന് തന്നെയാണ് സി.പി.എമ്മിെൻറ വിലയിരുത്തൽ. സംഘ്പരിവാറിന് വേരോട്ടമുള്ള ആറന്മുളയിൽ പ്രമുഖ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കി മത്സരം കടുപ്പിക്കാൻ ബി.ജെ.പിയും തയാറെടുക്കുകയാണ്.
നിയമസഭ ഇതുവരെ
1957: കെ. ഗോപിനാഥപിള്ള (കോൺഗ്രസ്) 18895, എൻ.സി. വാസുദേവൻ (സി.പി.ഐ) 18630, ഭൂരിപക്ഷം 265.
1960: കെ. ഗോപിനാഥപിള്ള(കോൺഗ്രസ്) 31899, ആർ. ഗോപാലകൃഷ്ണപിള്ള (സി.പി.ഐ) 20295. ഭൂരിപക്ഷം 11604.
1965: എൻ. ഭാസ്കരൻനായർ (കെ.സി) 22000, കെ. വേലായുധൻനായർ (കോൺഗ്രസ്) 17031, ഭൂരിപക്ഷം 4969. 1967 -പി.എൻ. ചന്ദ്രസേനൻ (എസ്.എസ്.പി) 19665. കെ.വി. നായർ (കോൺഗ്രസ്) 16743, ഭൂരിപക്ഷം 2922.
1970: പി.എൻ. ചന്ദ്രസേനൻ (എസ്.എസ്.പി) 21934, ടി.എൻ. ഉപേന്ദ്രനാഥകുറുപ്പ് (സ്വത) 15367, എൻ.എൻ. ചന്ദ്രശേഖരപിള്ള (കോൺഗ്രസ്) 14944, ഭൂരിപക്ഷം 6567.
1977: എം.കെ. ഹേമചന്ദ്രൻ(കോൺഗ്രസ്) 35482, പി.എൻ. ചന്ദ്രസേനൻ (സ്വത) 21127, ഭൂരിപക്ഷം 14355. 1980 -കെ.െക. ശ്രീനിവാസൻ (കോൺഗ്രസ്) 30227, തോപ്പിൽ രവി (കോൺഗ്രസ് യു ) 27121, ഭൂരിപക്ഷം 3106.
1982: കെ.െക. ശ്രീനിവാസൻ (കോൺഗ്രസ്) 27864, ഡി. സുഗതൻ (ഐ.സി.എസ്) 22523, ഭൂരിപക്ഷം 5341. 1987 -കെ.െക. ശ്രീനിവാസൻ (കോൺഗ്രസ്) 33405, പി. സരസപ്പൻ (സി.പി.എം) 28538, ഡി. രാമചന്ദ്രകുറുപ്പ് (ബി.ജെ.പി) 7684, ഭൂരിപക്ഷം 4867.
1991: ആർ. രാമചന്ദ്രൻനായർ (എൻ.ഡി.പി) 37534, സി.എ. മാത്യു (ഐ.സി.എസ്) 32128, പ്രതാപചന്ദ്രവർമ (ബി.ജെ.പി) 5164, ഭൂരിപക്ഷം 5406. 1996 -കടമ്മനിട്ട രാമകൃഷ്ണൻ (സി.പി.എം) 34657, എം.വി. രാഘവൻ (സി.എം.പി) 31970, വി.എൻ. ഉണ്ണി (ബി.ജെ.പി) 8856, ഭൂരിപക്ഷം 2687.
2001: മാലേത്ത് സരള ദേവി (കോൺഗ്രസ്) 37025, എ. പത്മകുമാർ (സി.പി.എം) 32900, വി.എൻ. ഉണ്ണി (ബി.ജെ.പി) 10219, ഭൂരിപക്ഷം 4125.
2006: കെ.സി. രാജഗോപാൽ (സി.പി.എം) 34007, കെ.ആർ. രാജപ്പൻ (കോൺഗ്രസ് വിമതൻ) 19387, മാലേത്ത് സരളാദേവി (കോൺഗ്രസ്) 8244, ഭൂരിപക്ഷം 14620.
2011: കെ. ശിവദാസൻനായർ (കോൺഗ്രസ്) 64845, കെ.സി. രാജഗോപാൽ (സി.പി.എം) 58334, െക. ഹരിദാസ്(ബി.ജെ.പി) 10227, ഭൂരിപക്ഷം 6511.
2016: വീണാ ജോർജ് (സി.പി.എം) 64523, കെ. ശിവദാസൻനായർ (കോൺഗ്രസ്) 56877, എം.ടി. രമേശ് (ബി.ജെ.പി) 37906, ഭൂരിപക്ഷം 7646.
2019 ലോക്സഭ
ആേൻറാ ആൻറണി (കോൺഗ്രസ്) 59277, വീണാ ജോർജ് (സി.പി.എം) 52684, കെ. സുരേന്ദ്രൻ (ബി.ജെ.പി) 50487
2020 തദ്ദേശതെരഞ്ഞെടുപ്പ്
വോട്ട് നില
യു.ഡി.എഫ് 54486
എൽ.ഡി.എഫ് 53621
എൻ.ഡി.എ 28361
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.